തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഒരു കെമിക്കൽ നിർമ്മാണ യൂണിറ്റിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 10 തൊഴിലാളികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. സങ്കറെഡ്ഡി ജില്ലയിലെ പസമൈലാരം വ്യവസായികമേഖലയിലെ ‘സിഗാച്ചി’ കെമിക്കല്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയില്‍ 26 പേര്‍ക്ക് പരിക്കേറ്റതായും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിവരങ്ങള്‍ തേടി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്താനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
വിവിധയിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകളും സംസ്ഥാന, ദേശീയ ദുരന്തനിവാരണസേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സംഭവസമയം 150-ഓളം തൊഴിലാളികൾ ഫാക്ടറിയിലുണ്ടായിരുന്നതായാണ് വിവരം. ഇതിൽ 90 പേരോളം പൊട്ടിത്തെറിയുണ്ടായ സ്ഥലത്തിനടുത്തായി ജോലിചെയ്യുകയായിരുന്നു. പരിക്കേറ്റ 26 പേരിൽ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.