ന്യൂ ഡൽഹി: രജിസ്റ്റർ ചെയ്ത അംഗീകൃതമല്ലാത്ത 345 രാഷ്‌ട്രീയ പാർട്ടികളെ (RUPP-Registered Unrecognized Political Parties) പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നടപടികൾ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ആരംഭിച്ചു. 2019-നുശേഷം കഴിഞ്ഞ ആറുവർഷത്തിനിടെ ഒരു തെരഞ്ഞെടുപ്പിലെങ്കിലും മത്സരിക്കണമെന്ന വ്യവസ്ഥ പാലിക്കുന്നതിൽ പരാജയപ്പെടുകയും ഇത്തരം പാർട്ടികളുടെ ഓഫീസുകൾ എവിടെയും പ്രവർത്തിക്കുന്നുമില്ലാത്തതുമാണ് കാരണം.
നിലവിൽ ECI-യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 2800-ലധികം RUPP-കളിൽ, പല RUPP-കളും RUPP-യായി തുടരുന്നതിനാവശ്യമായ അവശ്യ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നു കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. അത്തരം RUPP-കളെ തിരിച്ചറിയുന്നതിനായി ECI രാജ്യവ്യാപകമായി പരിശോധന നടത്തി. ഇതുവരെ അത്തരത്തിൽ 345 പാർട്ടികളാണുള്ളതെന്നു കണ്ടെത്തി. പട്ടികയിൽനിന്ന് തെറ്റായി പാർട്ടികൾ ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ, അതതു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സിഇഒ-മാരോട് അത്തരം RUPPകൾക്കു കാരണം കാണിക്കൽ നോട്ടീസ് നൽകാൻ നിർദേശിച്ചിട്ടുണ്ട്. തുടർന്ന് ഈ പാർട്ടികൾക്ക്, ബന്ധപ്പെട്ട സിഇഒമാരുടെ മുന്നിൽ ഹിയറിങ്ങിന് അവസരം നൽകും.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29എ ഭാഗത്തെ വ്യവസ്ഥകൾ പ്രകാരമാണു രാജ്യത്തെ രാഷ്‌ട്രീയ കക്ഷികൾ (ദേശീയ/സംസ്ഥാന/RUPP) ECI-യിൽ രജിസ്റ്റർ ചെയ്യുന്നത്. ഈ വ്യവസ്ഥപ്രകാരം, ഒരിക്കൽ രാഷ്‌ട്രീയ കക്ഷിയായി രജിസ്റ്റർ ചെയ്ത ഏതൊരു സംഘടനയ്‌ക്കും നികുതി ഇളവുകൾ പോലുള്ള ആനുകൂല്യങ്ങളും വിശേഷാവകാശങ്ങളും ലഭിക്കും.