Sunday, April 5, 2026
Home » ഓർമ്മയിൽ ഈസ്റ്റർ
ഓർമ്മയിൽ ഈസ്റ്റർ

ഓർമ്മയിൽ ഈസ്റ്റർ

by Editor
Send your news and Advertisements

ബാല്യത്തിലെ ഓർമ്മയിൽ ഈസ്റ്റർ ദിവസം വറുത്തരച്ച കോഴിക്കറിയുടെയും പിടിയുടെയും മണവുമായാണ് പുലർന്നിരുന്നത്. യേശു പിറന്നപ്പോൾ കാണാൻ പോയ മൂന്ന് രാജാക്കന്മാരാണ് പിറവം പള്ളിയിൽ ഉള്ളത് എന്നാണ് ചരിത്രം പറയുന്നത്.

ഈസ്റ്റർ തലേന്ന് മുതൽ റോഡിന്റെ വശങ്ങളിൽ ഒക്കെ ആൾക്കാർ അടുപ്പു കൂട്ടും. അല്ലാത്തവർ വീട്ടിൽ നിന്നു തയ്യാറാക്കിയ നേർച്ച പള്ളിയിൽ കൊണ്ട് ചെന്നു പന്ത്രണ്ടു പൈതങ്ങൾക്ക് വിളമ്പും. വീട്ടിൽ നിന്നും നേർച്ച കൊടുത്തിരുന്നു. തലേന്ന് വരെ തലയിൽ പൂവുമായി ഉച്ചത്തിൽ കൂകി രാജാവിനെപ്പോലെ നടന്നിരുന്ന പൂവൻ കോഴി കഴുത്തു പിരിച്ചു കൊന്ന് തൂവൽ പറിയ്ക്കപ്പെട്ട നിലയിൽ കിടക്കുന്നതു കാണുമ്പോൾ സങ്കടം തോന്നും. അടുക്കളയിൽ വലിയ ഉരുളിയിൽ ആണ് പിടി പാകം ചെയ്യുന്നത്.. എല്ലാത്തിനും അകമ്പടിയായി കിഴക്ക് കറുത്ത ആകാശത്തിൽ ഇടിയും മിന്നലുമായി മഴ കോരിച്ചൊരിയും. കുഞ്ഞു കുഞ്ഞു അപ്പങ്ങൾ ചുടുന്ന മണം വല്ലാതെ കൊതിപ്പിക്കും.

“ഇതൊന്നും ഇപ്പൊ കഴിക്കാൻ പാടില്ല. പിറവത്തു രാജാക്കൾക്കുള്ള നേർച്ചയാണ്. അവിടെ വിളമ്പി വന്നിട്ടേ കഴിക്കാവൂ.”

അമ്മ കർശനമായി പറഞ്ഞു കൊണ്ട് കോഴിക്കറിക്ക് തേങ്ങാ വറുക്കും. ഇടയ്ക്കിടെ അടുപ്പിലേക്കൂതി അമ്മയുടെ ഭംഗിയുള്ള മുഖം ചുവക്കും. അന്ന് ഗ്യാസ് ഒന്നുമില്ലല്ലോ.. ഞാൻ പോയി പിടിയ്ക്കുള്ള കുഞ്ഞുരുളകൾ ഉരുട്ടും. കഴുത്തു പിരിഞ്ഞ് ഒടിഞ്ഞു ചത്തു കിടക്കുന്ന പൂവനോട് ക്ഷമ ചോദിച്ചുറങ്ങാൻ പോകും.

പിറ്റേന്ന് തലേന്നത്തെ പാചകം ഒക്കെ കഴിഞ്ഞ അടുക്കള ആലസ്യം പൂണ്ടു കിടക്കും. പള്ളിയിൽ വിഭവങ്ങളുമായി പോയ ആൾ വന്നാൽ പിന്നെ പിടിയും ഇറച്ചിയും പാത്രത്തിൽ വിളമ്പി ഓരോരുത്തരും കഴിക്കും.

ആ ഓർമ്മകൾ ഇന്ന് അയവിറക്കുമ്പോൾ ഒരു പ്രാർത്ഥന മാത്രം. ജീവിതത്തിന്റെ കുരിശു ചുമന്ന് മല കയറുമ്പോൾ ചിലർക്കെങ്കിലും കാലിടറാം. ഒരു മുൾക്കിരീടം കാലം ശിരസ്സിൽ അറിയാതെ തന്നെ അണിയിച്ചെന്നു വരാം അത് മനപ്പൂർവം ആകില്ല… ചിലപ്പോൾ ചിലർക്കതു ഒരാളെ സ്നേഹിച്ചതിനും വിശ്വസിച്ചതിനുമുള്ള ശിക്ഷയാകാം. ഒറ്റിക്കൊടുക്കാൻ, സ്നേഹിച്ചു വഞ്ചിക്കാൻ ചിരിച്ചു കൊണ്ട് കഴുത്തറുക്കാൻ ഇപ്പോഴും യൂദാസുമാർ ഭൂമിയിൽ ഉണ്ട്.

മണ്ണടിഞ്ഞാൽ ഒരിക്കലും ഉയിർത്തെഴുന്നേൽക്കാത്തവനാണ് മനുഷ്യൻ. പ്രിയപ്പെട്ടവരുടെ മനസ്സിലെ ഓർമ്മകളിലെങ്കിലും ഉയിർത്തെഴുന്നേൽക്കാൻ യേശുദേവനെപ്പോലെ ഒരു നല്ല മനുഷ്യനായി ഈ ജീവിതം ജീവിച്ചു തീർക്കുക. സ്വന്തം പാത്രത്തിലെ അന്നം അന്യന്റെ വിശപ്പടക്കാൻ കൂടി പകുത്തു നൽകുക. മനസ്സിൽ കെടാത്ത ഒരു സ്നേഹദീപം കൊളുത്തി വെക്കുക.

പ്രിയ വായനക്കാർക്ക് ഈസ്റ്റർ ആശംസകൾ..!

പി.സീമ

You may also like

error: Content is protected !!