ന്യൂഡൽഹി: അഗ്നി പ്രൈം മിസൈൽ വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. ട്രെയിനിൽ നിന്നാണ് മിസൈൽ പരീക്ഷിച്ചത്. 2,000 കിലോമീറ്റർ ദൂരപരിധിയിലുള്ള മിസൈലാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ വിക്ഷേപിച്ചത്. പ്രത്യേകം രൂപകൽപ്പന ചെയ്‌ത റെയിൽ അധിഷ്‌ഠിത മൊബൈൽ ലോഞ്ചറിൽ നിന്ന് നടന്ന ആദ്യ വിക്ഷേപണമാണിത്. ഇതാദ്യമായാണ് ദേശീയ റെയിൽവേ ശൃംഖലയുമായി സംയോജിപ്പിച്ച് പ്രത്യേകം രൂപകൽപന ചെയ്ത ഒരു പ്ലാറ്റ്ഫോം ഉപയോഗിച്ച് ഇത്തരമൊരു വിക്ഷേപണം നടത്തുന്നത്.
മിസൈൽ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സ്ഥിരീകരിച്ചു. ഇന്ത്യയുടെ വളർന്ന് വരുന്ന തന്ത്രപരമായ പ്രതിരോധ ശേഷി പ്രകടമാക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ വിക്ഷേപണം എന്നാണ് രാജ്‌നാഥ് സിങ് പരീക്ഷണത്തെ വിശേഷിപ്പിച്ചത്. അഗ്‌നി പ്രൈം മധ്യദൂര മിസൈലിൻ്റെ വിജയകരമായ പരീക്ഷണത്തിന് ഡിആർഡിഒ, സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് (എസ്എഫ്‌സി), സായുധ സേന എന്നിവയെ രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.