തൃശ്ശൂർ കോർപ്പറേഷൻ മേയറായി ഡോ. നിജി ജസ്റ്റിനെ കോൺഗ്രസ് തിരഞ്ഞെടുത്തു. എ. പ്രസാദിനെ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശവും കൗൺസിലർമാരുടെ അഭിപ്രായവും മാനിച്ചാണ് തീരുമാനമെടുത്തത്. ഒരുപതിറ്റാണ്ടിനുശേഷമാണ് തൃശ്ശൂർ കോർപറേഷൻ ഭരണം കോൺഗ്രസിൻ്റെ കൈകളിലെത്തുന്നത്. ആകെയുള്ള 56 ഡിവിഷനിൽ 33 എണ്ണവും കൈവശപ്പെടുത്തിയാണ് ഇത്തവണ അധികാരത്തിലെത്തിയത്. നിജി ജസ്റ്റിനെ കൂടാതെ ലാലി ജെയിംസ്, സുബി ബാബു എന്നിവരേയും മേയർ പദവിയിലേക്ക് കോൺഗ്രസ് പരിഗണിച്ചിരുന്നു.
തിരഞ്ഞെടുപ്പുരംഗത്ത് ആദ്യമാണെങ്കിലും ഡോ. നിജി ജസ്റ്റിൻ സംഘടനാരംഗത്തും ഗൈനക്കോളജിസ്റ്റ് എന്ന നിലയിലും സജീവമാണ്. കിഴക്കുംപാട്ടുകരയിൽനിന്നും 614 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവർ വിജയിച്ചത്. നിലവിൽ ഇവർ ഡിസിസി വൈസ് പ്രസിഡന്റാണ്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്റ്, മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലും ഇവർ പ്രവർത്തിച്ചിരുന്നു.
കെപിസിസി സെക്രട്ടറി കൂടിയായ എ. പ്രസാദിൻ്റെ പേരായിരുന്നു ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് നേരത്തെ തന്നെ പ്രധാന പരിഗണനയിലുണ്ടായിരുന്നത്. നിലയിൽ സിവിൽ സ്റ്റേഷൻ ഡിവിഷനിൽനിന്നാണ് 413 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. കൗൺസിലർ എന്ന നിലയിൽ പ്രവർത്തനപരിചയവും ഇദ്ദേഹത്തിനുണ്ട്.



