ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുടെ 90-ാമത് ജന്മദിന ആഘോഷത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജു പങ്കെടുത്തു. ദലൈലാമയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക പൂജയിലും കേന്ദ്രമന്ത്രി പങ്കെടുത്തു. നിരവധി പേരാണ് ധർമശാലയിൽ നടന്ന ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. ദലൈലാമയുടെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പറഞ്ഞ കിരൺ റിജിജു അദ്ദേഹത്തിന്റെ പിൻഗാമിയെ തെരഞ്ഞെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും വ്യക്തമാക്കി. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, ഹോളിവുഡ് നടൻ റിച്ചാർഡ് ഗിയർ എന്നിവരും ജന്മദിനാഘോഷത്തിൽ പങ്കെടുത്തു. ടിബറ്റൻ സമൂഹങ്ങളും അന്തേവാസികളും ആഘോഷത്തിൽ പങ്കാളിയായി. ദലൈലാമയുടെ 90ാം ജന്മദിനം ആണ് ജൂലൈ ആറിന്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദലൈ ലാമക്ക് ജന്മദിനാശംസകൾ നേർന്നു. 140 കോടി ഇന്ത്യക്കാരോടൊപ്പം പരിശുദ്ധ ദലൈലാമയുടെ 90-ാം ജന്മദിനത്തിൽ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സ്‌നേഹം, കാരുണ്യം, ക്ഷമ, ധാർമ്മിക അച്ചടക്കം എന്നിവയുടെ ശാശ്വത പ്രതീകമാണ് ദലൈലാമയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ച ആശംസയിൽ പറയുന്നു. ലാമയുടെ സന്ദേശം എല്ലാ മതവിഭാഗങ്ങൾക്കും ആദരവും ആരാധനയും പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ തുടർന്നുള്ള നല്ല ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
തന്റെ മരണശേഷം തനിക്ക് പിൻഗാമിയുണ്ടാകുമെന്ന് ബുധനാഴ്ച ദലൈലാമ പ്രഖ്യാപിച്ചിരുന്നു. അറുനൂറ് വർഷം പഴക്കമുള്ള ടിബറ്റൻ ബുദ്ധിസത്തിന് അവസാനമാകുന്നുവെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ടായിരുന്നു ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ പ്രഖ്യാപനം. പിൻഗാമിയെ കണ്ടെത്താനുള്ള അധികാരം താൻ സ്ഥാപിച്ച ഗദെൻ ഫോദ്രാങ് ട്രസ്റ്റിനാണെന്നും ഈ വിഷയത്തിൽ മറ്റാർക്കും ഇടപെടാൻ അവകാശമില്ലെന്നും അദ്ദേഹം ചൈനയെ ലക്ഷ്യമിട്ടു പറഞ്ഞു. ധരംശാലയിലെ മക്‌ലോഡ് ഗഞ്ചിൽ 3 ദിവസത്തെ ടിബറ്റൻ ബുദ്ധസന്യാസിമാരുടെ സമ്മേളനത്തിൽ നൽകിയ വീഡിയോ സന്ദേശത്തിലായിരുന്നു പ്രഖ്യാപനം.
തന്റെ പിൻഗാമി ചൈനയ്ക്കുപുറത്ത് ‘സ്വതന്ത്ര ലോകത്ത്’ ജനിക്കുമെന്നും അത് ഒരു കുട്ടിയോ പുരുഷനോ ആയിരിക്കണമെന്നില്ല എന്നുമാണ് ദലൈലാമ പറഞ്ഞത്. ജനങ്ങളെ സേവിക്കുന്നതുമായി ബന്ധപ്പെട്ട് ഇനിയും 30-40 വര്‍ഷം കൂടി ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇനിയും 40 വർഷം കൂടി ജീവിച്ചിരിക്കുമെന്നും താൻ പുനർജ്ജനിക്കുമെന്നും പ്രഖ്യാപിച്ചു.
എന്നാൽ, പിൻഗാമിയെ കണ്ടെത്താനുള്ള അവകാശം തങ്ങൾക്കാണെന്ന നിലപാട് ചൈന ആവർത്തിച്ചു. ക്വിങ് രാജവംശത്തിൻ്റെ പാരമ്പര്യത്തെ അടിസ്‌ഥാനമാക്കി ദലൈലാമ, പഞ്ചൻ ലാമ എന്നീ ബുദ്ധപുനർജന്മങ്ങളെ സ്വർണകലശത്തിൽനിന്നു നറുക്കിട്ടെടുക്കുമെന്നും കേന്ദ്ര സർക്കാർ ഇതിന് അംഗീകാരം നൽകുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു. ടിബറ്റൻ ബുദ്ധിസത്തിലെ രണ്ടാമത്തെ നേതാവ് പഞ്ചൻ ലാമയെ ചൈനയും ദലൈലാമയും വെവ്വേറെ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ ദലൈലാമയുടെ മരണശേഷമേ പുതിയ ലാമയ്ക്കായുള്ള അന്വേഷണം തുടങ്ങാവൂ എന്നാണു കീഴ്വഴക്കം. എന്നാൽ, ഈ സമയത്തിനുള്ളിൽ ചൈന മറ്റൊരാളെ ദലൈലാമയായി പ്രഖ്യാപിക്കുമോയെന്നാണ് ബുദ്ധമത വിശ്വാസികളുടെ ആശങ്ക.