കോട്ടയം: കൂടപ്പുലം തെരുവയിൽ വിഷ്ണു എസ്.നായർ (36), ഭാര്യ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് രശ്മി സുകുമാരൻ (35) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പനക്കപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരും കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ്. ഇവരുടെ കൈകൾ ടേപ്പുപയോഗിച്ച് കെട്ടിവച്ചിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ആറുമാസമായി ദമ്പതികൾ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ വിഷ്‌ണുവിൻ്റെ മാതാവ് ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോൾ വീടിൻ്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. എന്നാൽ ഇവരുടെ കിടപ്പുമുറി ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു.
ആത്മഹത്യയ്ക്കു പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെന്ന് വിവരം. കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ യുവാക്കൾ ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും വിഷ്ണുവിനെ മർദിച്ചെന്നുമാണ് വിവരം. ജോലിയുടെ ഭാഗമായി ഹോസ്റ്റലിൽ താമസിക്കുന്ന രശ്മിയെ അവിടെയെത്തി അവഹേളിച്ചെന്നും കുടുംബാംഗങ്ങൾ പറയുന്നു.