കൊച്ചി: കൊക്കെയ്ൻ എന്നു സംശയിക്കുന്ന ലഹരി മരുന്ന് ക്യാപ്സൂളുകളാക്കി വിഴുങ്ങി കടത്താൻ ശ്രമിച്ച ബ്രസീൽ സ്വദേശികളായ ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഇവരുടെ ബാഗും മറ്റ് സാധനങ്ങളും പരിശോധിച്ചെങ്കിലും സംശയാസ്പദമായി യാതൊന്നു കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് സംശയം തോന്നി സ്കാനിംഗിന് വിധേയമാക്കിയപ്പോഴാണ് കാപ്സ്യൂൾ കണ്ടെത്തിയത്. 80 ക്യാപ്സൂളുകള്‍ ഇരുവരുടെയും ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതു പുറത്തെടുക്കുന്നതിനായി രണ്ടുപേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം തിരുവനന്തപുരത്തേക്കു പോകാനായിരുന്നു ഇവരുടെ പദ്ധതി. തിരുവനന്തപുരത്ത് ഹോട്ടൽ മുറി ബുക്ക് ചെയ്തതിന്റെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. ലഹരി ഇടപാട് ഇവിടെ നടത്താനായിരുന്നു ഇവരുടെ പദ്ധതി എന്നാണ് അധികൃതർ നൽകുന്ന വിവരം.