ജെറുസലേം: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ, ഇസ്രായേലിലെ തങ്ങളുടെ ഉദ്യോഗസ്ഥരോടും പൗരന്മാരോടും രാജ്യം വിടാൻ വിവിധ രാജ്യങ്ങൾ നിർദ്ദേശം നൽകി. ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഏതു നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന സ്ഥിതിയിൽ അതീവ ജാഗ്രതയിലാണ് ലോകരാജ്യങ്ങൾ.
ജറുസലേമിലെ യുഎസ് എംബസിയിലെ അടിയന്തര പ്രാധാന്യമില്ലാത്ത ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും രാജ്യം വിടാൻ യുഎസ് അനുമതി നൽകി. വാണിജ്യ വിമാനങ്ങൾ ലഭ്യമായ സമയത്തുതന്നെ എത്രയും വേഗം മടങ്ങാനാണ് യുഎസ് എംബസി നൽകിയിരിക്കുന്ന നിർദ്ദേശം. ഇസ്രായേലിൽ തുടരുന്നവർ പഴയ ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുത്. ഇറാൻ ആക്രമണ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആണ് മുന്നറിയിപ്പ്. എന്നാൽ തീവ്രവാദ ആക്രമണ ഭീഷണിയാണ് ഇസ്രയേൽ വിടാനുള്ള നിർദ്ദേശം നൽകിയതിന്‍റെ കാരണമായി യു എസ് ഔദ്യോഗികമായി പറയുന്നത്.
ഇസ്രായേലിലെയും ലെബനനിലെയും ഓസ്‌ട്രേലിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോട് ഉടൻ രാജ്യം വിടാൻ ഓസ്‌ട്രേലിയൻ സർക്കാർ ആവശ്യപ്പെട്ടു. സുരക്ഷാ സാഹചര്യം മോശമാകുന്ന സാഹചര്യത്തിലാണിത് എന്നാണ് വിശദീകരണം. ടെൽ അവീവിലെ തങ്ങളുടെ എംബസി ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായി ബ്രിട്ടൺ അറിയിച്ചു. അത്യന്താപേക്ഷിതമായ കാര്യങ്ങൾക്കല്ലാതെ ഇസ്രായേലിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പോളണ്ട്, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ഇസ്രായേൽ വിടാനോ അനാവശ്യ യാത്രകൾ ഒഴിവാക്കാനോ ആവശ്യപ്പെട്ടിട്ടുണ്ട്. കാനഡ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ഇസ്രായേൽ/ഇറാൻ മേഖലകളിൽ നിന്ന് എത്രയും വേഗം മടങ്ങാനോ സുരക്ഷിതമായി ഇരിക്കാനോ ആവശ്യപ്പെട്ടിട്ടുണ്ട്.
യു എസ് എസ് ജെറാൾഡ് ഫോർഡ് കൂടി എത്തിയതോടെ ഇറാനെ യു എസ് ആക്രമിക്കുന്ന സാഹചര്യമുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ ഇറാന്‍റെ ആദ്യ തിരിച്ചടി ഇസ്രയേലിലേക്കാകും. ഈ പശ്ചാത്തലത്തിലാണ് ഇസ്രയേലിലെ അമേരിക്കൻ ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ അമേരിക്കയുടെ അടിയന്തര നിർദേശമെന്നാണ് വിലയിരുത്തലുകൾ. അതേസമയം സമാധാന ചർച്ചകൾ തുടരുന്നുവെന്നാണ് അമേരിക്കയുടെ പക്ഷം.
ഇസ്രയേൽ തീരത്തെത്തിയ യു എസ് എസ് ജെറാൾഡ് ഫോർഡ് പടക്കപ്പൽ സർവ്വ സജ്ജമെന്ന് യു എസ് നാവികസേന അറിയിച്ചു. ആക്രമണ സജ്ജമെന്ന് യു എസ് നാവിക സേനയുടെ പ്രഖ്യാപനം കൂടിയായതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. ഇറാന്റെ പ്രത്യാക്രമണമുണ്ടായാൽ ചെറുക്കാൻ യു എസ് എസ് ജെറാൾഡ് ഫോർഡിനെ ഇസ്രയേൽ തീരത്താണ് വിന്യസിച്ചിരിക്കുന്നത്. സൈനിക നടപടിയിലേകക് കടന്നാലുള്ള സാധ്യതകൾ മുതിർന്ന കമാൻഡർമാർ അമേരിക്കൻ പ്രസിഡണ്ടിനെ ധരിപ്പിച്ചിട്ടുണ്ട്.
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കം ഉണ്ടായേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകിയതിനെത്തുടർന്ന് മേഖല യുദ്ധഭീതിയിലാണ്. വരും ദിവസങ്ങളിൽ വ്യോമപാതകൾ അടയ്ക്കാനും വിമാന സർവീസുകൾ റദ്ദാക്കാനും സാധ്യതയുള്ളതിനാൽ പല വിദേശ വിമാനക്കമ്പനികളും സർവീസുകൾ നിർത്തിവെച്ചു തുടങ്ങിയിട്ടുണ്ട്.
ഇറാൻ അമേരിക്ക മൂന്നാം ഘട്ട ചർച്ച അവസാനിച്ചു; അന്തിമ ധാരണയിലെത്താൻ ഇരുരാജ്യങ്ങൾക്കും സാധിച്ചില്ല


