Wednesday, March 25, 2026
Home » മലങ്കര സഭാ തർക്കം: പള്ളികൾ 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം; 6 പള്ളികൾ ഏറ്റെടുക്കണം എന്ന ഉത്തരവ് റദ്ദാക്കി
ഹൈക്കോടതി

മലങ്കര സഭാ തർക്കം: പള്ളികൾ 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം; 6 പള്ളികൾ ഏറ്റെടുക്കണം എന്ന ഉത്തരവ് റദ്ദാക്കി

by Editor
Send your news and Advertisements

കൊച്ചി: ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കം നിലനിൽക്കുന്ന എറണാകുളം, പാലക്കാട് ജില്ലകളിലെ 6 പള്ളികൾ ഏറ്റെടുക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ചിൻ്റെ 2024 ഓഗസ്‌റ്റ് 30-ലെ ഇടക്കാല ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇത് സിവിൽ തർക്കമാണെന്നും അതിനാൽ ആറുപള്ളികളുടെയും കാര്യം പ്രത്യേകമായി പരിഗണിക്കണമെന്നാണ് ഡിവിഷൻ ബെഞ്ച് വിധിച്ചത്. മറ്റ് മൂന്നുപള്ളികൾ ഏറ്റെടുക്കാനുള്ള വിധി ഈ ആറ് പള്ളികൾക്ക് ബാധകമാണോയെന്നത് സിവിൽ തർക്കമാണ്. ഓരോ പള്ളിയുടേയും കാര്യം പ്രത്യേകമായി പരിശോധിച്ച് വേണം തീരുമാനമെടുക്കാനെന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചു. അതേസമയം പള്ളികളിൽ അവകാശമുന്നയിച്ചുള്ള ഓർത്തഡോക്‌സ് സഭയുടെ ഹർജി ഡിവിഷൻ ബെഞ്ച് തള്ളിയിട്ടില്ല. ഹർജി നിലനിൽക്കുമെന്നും ഇക്കാര്യത്തിൽ വിശദമായ നിയമ നടപടി തുടരുമെന്നുമാണ് കോടതി വ്യക്തമാക്കിയത്.

2017-ലെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് സഭാ തർക്കം നിലന്നിരുന്ന യാക്കോബായ സഭ കൈവശം വെച്ചിരുന്ന പള്ളികൾ ഓർത്തഡോക്സ്‌ സഭയ്ക്ക് കൈമാറേണ്ട സ്ഥിതി വന്നിരുന്നു. ഇതിനെതിരെ യാക്കോബായ സഭ പലതവണ തടസ്സങ്ങൾ ഉന്നയിച്ചിരുന്നു. ഈ തർക്കങ്ങൾ നിലനിൽക്കെയാണ് ഈ ആറ് പള്ളികളും ഏറ്റെടുത്ത് പോലീസ് സംരക്ഷണത്തോടെ ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറാൻ സിംഗിൾ ബെഞ്ചിൻ്റെ വിധി വന്നത്. ഇത് ചോദ്യം ചെയ്തുകൊണ്ട് യാക്കോബോയ സഭ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

യാക്കോബായ വിഭാഗത്തിൽപ്പെട്ട വൈദികരും വിശ്വാസികളും നൽകിയ ഒരു കൂട്ടം ‘കൺടെംപ്റ്റ് അപ്പീലുകൾ’ (Contempt Appeals) ആണ് കോടതി പരിഗണിച്ചത്. പള്ളികളുടെ ഭരണം 1934-ലെ സഭാ ഭരണഘടന പ്രകാരം ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ സിംഗിൾ ബെഞ്ച് എടുത്ത നടപടികളെയാണ് അപ്പീൽ നൽകിയവർ ചോദ്യം ചെയ്തത്. എന്നാൽ മലങ്കര സഭയിലെ എല്ലാ പള്ളികളും 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന സുപ്രീം കോടതിയുടെ മുൻ ഉത്തരവ് (കെ.എസ്. വർഗീസ് കേസ്) നടപ്പിലാക്കാൻ ഹൈക്കോടതിക്കും സർക്കാരിനും ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. പള്ളികളുടെ ഭരണം കൈമാറുന്നതുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് നൽകിയ ഇടക്കാല ഉത്തരവുകളിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. കോടതി വിധികൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ, അത് നടപ്പിലാക്കാൻ കർശന നടപടികൾ സ്വീകരിക്കാമെന്ന് കോടതി ആവർത്തിച്ചു.

മതപരമായ ചടങ്ങുകൾക്കോ സംസ്‌കാരത്തിനോ സഭാവിശ്വാസിയായ ഇടവകാംഗത്തിനുള്ള അവകാശം ആർക്കും നിഷേധിക്കാനാവില്ലെന്നു ജസ്‌റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്‌റ്റിസ്‌ എസ്.മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. മതസംബന്ധമായ തർക്കങ്ങളിൽ പള്ളി ഏറ്റെടുക്കാൻ സിവിൽ ഭരണകൂടത്തോട് ഹൈക്കോടതിക്ക് പറയാനാവില്ല. എന്നാൽ, ഉചിതമായ കേസുകളിൽ, കോടതിവിധികൾ ലംഘിക്കുന്നതു ക്രമസമാധന പ്രശ്‌നത്തിനിടയാക്കുമ്പോൾ പൊലീസ് സംരക്ഷണത്തിനായി ഹൈക്കോടതിക്ക് ഉത്തരവിടാനാകും. പൊലീസ് സംരക്ഷണ ഹർജി ഉടമസ്‌ഥത സംബന്ധിച്ച സിവിൽ തർക്കത്തിനു പകരമല്ലെന്നും വിലയിരുത്തി. ഈ വിധിയുടെ അടിസ്‌ഥാനത്തിൽ സിംഗിൾ ബെഞ്ചിന് മുന്നോട്ടുപോകാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി.

എറണാകുളം ജില്ലയിലെ പുളിന്താനം സെൻ്റ് ജോൺസ് ബെസ്‌ഫാഗെ പള്ളി, ഓടക്കാലി സെന്റ്റ് മേരീസ് പള്ളി, മഴുവന്നൂർ സെന്റ് തോമസ് പള്ളി, പാലക്കാട് ജില്ലയിലെ മംഗലംഡാം സെൻ്റ് മേരീസ് പള്ളി, എരിക്കിൻച്ചിറ സെന്റ് മേരീസ് പള്ളി, ചെറുകുന്നം സെൻ്റ് തോമസ് പള്ളി എന്നീ പള്ളികളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികളിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഈ പള്ളികൾ ഏറ്റെടുക്കാനും റിപ്പോർട്ട് നൽകാനുമായിരുന്നു പാലക്കാട്, എറണാകുളം കലക്ടർമാർക്കു സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്.

You may also like

error: Content is protected !!