ഇച്ചായന്മാര്‍ കുറച്ചുനേരം അമ്മയോടു സംസാരിച്ചിരുന്നിട്ട് തിരികെപ്പോയി. അവരുടെ സംസാരമൊന്നും ഐവാന്‍ ശ്രദ്ധിച്ചില്ല. ആശാമ്മ അവരെ ഊണു കഴിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും അവര്‍ കഴിച്ചില്ല, പെങ്ങള്‍ക്ക് അതൊക്കെ ബുദ്ധിമുട്ടാകുമെന്നു കരുതിയിട്ടായിരിക്കും. നമ്മുടെ പിങ്ക്ളാങ്കിയുടെ വിശപ്പും ദാഹവുമൊക്കെ പമ്പകടന്നു. അമ്മ പലപ്രാവശ്യം ‘ഉണ്ണാന്‍ വാടാ‘ എന്നു പറഞ്ഞിട്ടും അവന്‍ അനങ്ങിയില്ല. അവന്‍റെ മനസ്സു മുഴുവനും മുറിയില്‍ പൊതിഞ്ഞുകെട്ടിവച്ചിരിക്കുന്ന രൂപങ്ങള്‍, അഞ്ചു മാലാഖമാര്‍ എങ്ങനെ ഉണ്ടായിരിക്കും എന്നായിരുന്നു.
“പിങ്ക്ളാങ്കീ, നീ വിശക്കുന്നു എന്ന് പറഞ്ഞിട്ട് എന്താ കഴിക്കാത്തത്? ദേ, അമ്മയും സിസിലിയാന്‍റിയും കഴിക്കാന്‍ പോകുവാ, നീയും വാ.”
മനസ്സില്ലാമനസ്സോടെ പാത്രത്തിലിട്ട ചോറിലേക്കു കണ്ണുനട്ട് അവന്‍ ഇരുന്നു.
“എന്താ മോനേ, എന്തുപറ്റി, ആകെ ഒരു വിഷമംപോലെ, കറി ഇഷ്ടപ്പെട്ടില്ലേ? നിനക്കു തക്കാളിക്കറിയും ഉരുളക്കിഴങ്ങുമെഴുക്കുപുരട്ടിയും ഇഷ്ടമാണല്ലോ. കൊഴുവ വറുത്തത് നല്ല മുറുമുറാ എന്നുണ്ട്.”
അമ്മയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ അവന്‍ പതുക്കെ ചോറു കഴിച്ചുതുടങ്ങി. എന്നാലും കണ്ണുകള്‍ ഇടയ്ക്കിടെ ഗോവണിപ്പടിയിലേക്കു പോയി. അവിടെയാണല്ലോ രൂപങ്ങള്‍ വച്ചിരിക്കുന്ന മുറി.
ഭക്ഷണം കഴിഞ്ഞ് പാത്രവും കഴുകിവച്ചു സിസിലിയാന്‍റി പോയി. അഞ്ചു മിനിറ്റ് കിടക്കട്ടെ എന്നു പറഞ്ഞ് അമ്മ അമ്മയുടെ മുറിയിലേക്കും.
പോകുമ്പോള്‍ അമ്മ ചോദിച്ചു:
“പിങ്ക്ളാങ്കീ, നീ അമ്മയുടെ അടുത്തു കിടക്കുന്നോ കുറച്ചുസമയം?”
“ഇല്ലമ്മേ, ഞാന്‍ പുസ്തകം വായിച്ചുതീര്‍ക്കട്ടെ.” കിടന്നമാത്രയില്‍ അമ്മ ഉറങ്ങിയെന്നു തോന്നുന്നു, താളത്തില്‍ അമ്മയുടെ കൂര്‍ക്കംവലി കേട്ടു.
പതുക്കെപ്പതുക്കെ ഒരു കള്ളനെപ്പോലെ അവന്‍ ഗോവണിപ്പടി കയറി. രൂപങ്ങള്‍ വച്ച മുറിയുടെ വാതില്‍പ്പിടിയില്‍ കൈവച്ചപ്പോള്‍ ഹൃദയം ശക്തിയില്‍ മിടിക്കുന്നതിന്‍റെ ശബ്ദം അവന്‍ കേട്ടു.
ഒരു കാര്യം ചെയ്യരുതെന്നു പറഞ്ഞിട്ട് അതു ചെയ്താല്‍ തെറ്റാണെന്ന് അവനറിയാം. എന്നാലും മാലാഖമാരോടുള്ള ഇഷ്ടം, അവര്‍ക്കു കുഞ്ഞുങ്ങളെയും ഇഷ്ടമാണെന്നു വേദപാഠം പഠിപ്പിക്കുന്ന ടീച്ചര്‍ പറഞ്ഞിട്ടുണ്ട്.
ഞാന്‍ കുഞ്ഞല്ലേ? എന്നെയും ഇഷ്ടമാകില്ലേ? എന്നാലും ഒരു ചങ്കിടിപ്പ്.
വാതില്‍ തുറന്നതും ആ മുറിയില്‍ നിറയെ ഒരു വെട്ടം വ്യാപിച്ചു.
വെള്ള, നീല, പച്ച, വയലറ്റ്, മഞ്ഞ, റോസ്, പിന്നെ സ്വര്‍ണനിറം. എല്ലാംകൂടെ ഒന്നിച്ചുതിളങ്ങിയാല്‍ എങ്ങനെയിരിക്കും? ആ വിധത്തില്‍ ഒരു വര്‍ണ്ണപ്രപഞ്ചം. കണ്ണഞ്ചിക്കുന്ന വെളിച്ചം.
ഒരുനിമിഷം പിങ്ക്ളാങ്കി ഒന്ന് അന്ധാളിച്ചു. ധൈര്യം സംഭരിച്ചവന്‍ മുറിയിലേക്കു കാലെടുത്തുവച്ചതും ‘മോനേ, നിന്നെ പിങ്ക്ളാങ്കി എന്നു വിളിക്കണോ അതോ ഐവാന്‍ എന്നു വിളിക്കണോ’ എന്നൊരു ചോദ്യം ഉയര്‍ന്നു.
“നീ പേടിക്കാതെ, നിന്നെപ്പോലെയുള്ള, കുഞ്ഞുങ്ങളെ മാലാഖമാര്‍ക്ക് ഇഷ്ടമാണ്.”
വിക്കിവിക്കി അവന്‍ പറഞ്ഞു: “പിങ്ക്ളാങ്കി.” ആ പൊതിക്കെട്ടില്‍നിന്ന് ആരാണ് ആ ചോദ്യം ചോദിച്ചതെന്ന് അവനു മനസ്സിലായില്ല.
“പിങ്ക്ളാങ്കി ഇങ്ങ് അടുത്തു വാ, പതുക്കെ ഈ കെട്ട് അഴിക്കൂ, ഞങ്ങള്‍ക്കു ശ്വാസംമുട്ടുന്നു.”
ആദ്യത്തെ രൂപത്തില്‍ അവന്‍ കൈവച്ചു.
പതുക്കെ അതിന്‍റെ കെട്ടഴിക്കാന്‍ ശ്രമിച്ചപ്പോള്‍ അതു തനിയെ തുറന്നു.
പടത്തില്‍മാത്രം കണ്ട ഗബ്രിയേല്‍ മാലാഖ.
ഉണ്ണീശോ ജനിക്കാന്‍ പോകുന്ന വിവരം അറിയിച്ച മാലാഖ.
മനുഷ്യരോടു പ്രധാനപ്പെട്ട സന്ദേശങ്ങള്‍ പങ്കുവയ്ക്കാന്‍ നിയോഗിക്കപ്പെട്ട മാലാഖ! എന്തു ഭംഗിയാണ് ഗബ്രിയേല്‍ മാലാഖയെ കാണാന്‍!
മിന്നുന്ന വെള്ളയുടുപ്പ്, അതിനുമേല്‍ പടച്ചട്ട, വിരിച്ച ചിറകുകള്‍, തലയില്‍ ഒരു ബാന്‍ഡ്.
“ഇങ്ങ് അടുത്തുവാ.” ഗബ്രിയേല്‍ മാലാഖ വിളിച്ചു.
“ഇതു തുറന്നതിന് ജോസിച്ചായന്‍ എന്നെ വഴക്കു പറയുമോ?”
“ഞങ്ങള്‍ പറഞ്ഞിട്ടല്ലേ നീ ഇതു തുറന്നത്. സാരമില്ല കേട്ടോ, എന്താ ഇങ്ങനെ പേടിച്ചുനില്‍ക്കുന്നത്? ബാക്കിയുള്ളവരെക്കൂടി തുറക്കൂ, പേടിക്കാതെ തുറക്കൂ.”
പിങ്ക്ളാങ്കിയുടെ കൈയും കാലും വിറയ്ക്കാന്‍ തുടങ്ങി, അമ്മയെങ്ങാനും എഴുന്നേറ്റാല്‍ അടി ഉറപ്പാണ്.
അടുത്ത രൂപത്തില്‍ അവന്‍ കൈവച്ചതും അതും തുറന്നു. ഇതിനുമുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാലാഖ, ഇട്ടിരിക്കുന്ന മിന്നുന്ന മഞ്ഞനിറത്തിലെ ഉടുപ്പും സ്വര്‍ണത്തില്‍ നെയ്തതുപോലെ തോന്നി.
“ഞാന്‍ ജോഫിയേല്‍ മാലാഖ.”
“ഷാജിച്ചായന്‍ പറഞ്ഞ ആള്‍.”
“ആളോ? ജോഫിയേല്‍ മാലാഖ എന്നു വിളിക്കെടാ.”
“അതേ, ജോഫിയേല്‍ മാലാഖ. എഴുതാന്‍, ശില്പം ഉണ്ടാക്കാന്‍ ഒക്കെ ഹെല്‍പ്പ് ചെയ്യുന്ന…”
നീ ഇംഗ്ലീഷ്മീഡിയം ആണോ, ചുമ്മാതല്ല, ഹെല്‍പ്പ് എന്നൊക്കെ പറയുന്നത്.”
“ഇംഗ്ലീഷ് അറിയില്ലേ മാലാഖയ്ക്ക്? എനിക്ക് ഇംഗ്ലീഷില്‍ സംസാരിക്കാനൊന്നും അറിയില്ല, ചില വാക്കുകളൊക്കെ അറിയാം.” പിങ്ക്ളാങ്കി പറഞ്ഞു.
“നീ ചിന്തിക്കുന്നതും പറയുന്നതുമൊക്കെ ഞങ്ങള്‍ക്കു മനസ്സിലാകും.”
“അത് ചുമ്മാ, ചിന്തിക്കുന്നത് എങ്ങനെ അറിയാം?”
“നീ വാചകമടിക്കാതെ അടുത്ത രൂപം തുറക്കൂ,” ചിരിയോടെ ജോഫിയേല്‍ പറഞ്ഞു.
അടുത്ത മാലാഖയുടെ അടുത്ത് എത്തുന്നതിനുമുമ്പേ, പൊതിഞ്ഞ പ്ലാസ്റ്റിക് തുറന്നു മിഖായേല്‍ മാലാഖ പിങ്ക്ളാങ്കിയുടെ കൈയില്‍ പിടിച്ചു. ആ നിമിഷം അവന്‍റെ കുഞ്ഞുശരീരത്തില്‍ വല്ലാത്ത ഒരു ചൂടും പിന്നെ തണുപ്പും അനുഭവപ്പെട്ടു.
പ്രധാന ദൂതന്‍, മിഖായേല്‍ മാലാഖ.
വാളും പരിചയും കൈയിലെ കൊടിയും താഴെവച്ചു ചുവന്ന വസ്ത്രം ധരിച്ച യോദ്ധാവിനെപ്പോലെ തോന്നിപ്പിക്കുന്ന മിഖായേല്‍ മാലാഖ പിന്നെ അവനെ ചേര്‍ത്തുപിടിച്ചു.
മിഖായേല്‍ എന്ന പേരിന്‍റെ അര്‍ഥം ദൈവത്തെപ്പോലെ ആരുണ്ട് എന്നല്ലേ? കഴിഞ്ഞ ദിവസമാണ് ടീച്ചര്‍ മിഖായേല്‍മാലാഖയെപ്പറ്റി പറഞ്ഞത്.
കൈയില്‍ അഞ്ചു മുനയുള്ള, സ്വര്‍ണനക്ഷത്രംപോലെ തോന്നിക്കുന്ന ജ്വലിക്കുന്ന വാള്‍. അതില്‍നിന്നു പുറപ്പെട്ട വെളിച്ചം ആ മുറിയില്‍ നിറഞ്ഞുനിന്നു.
“ഞാന്‍ ഈ കാണുന്നത് സത്യമാണോ?’
അവന്‍ അറിയാതെ ചോദിച്ചു. “അതേ സത്യം, നീ ഞങ്ങള്‍ക്കു പ്രിയപ്പെട്ടവനാണ്.”
“എന്താ പറഞ്ഞത്, മുഖ്യദൂതനായ മിഖായേല്‍ മാലാഖ?”
“ഞാന്‍ മിഖായേല്‍ ആണെന്ന് നീ എങ്ങനെ അറിഞ്ഞു?”
“ഒരിക്കല്‍ ഞാന്‍ മുകളില്‍നിന്നു താഴെവീണു, പക്ഷേ, ഒരു പോറല്‍പോലും ഏറ്റില്ല.” അപ്പോള്‍ അമ്മ പറഞ്ഞു: എന്നെ കാത്തുകൊണ്ടത് മാലാഖാമാരാണെന്ന്. അതില്‍ മുഖ്യനായ മാലാഖ മിഖായേലാണെന്ന്.
എന്‍റെ അമ്മയ്ക്ക്, മാലാഖമാരുടെ ഒരുപാട് കഥയറിയാം, അതൊക്കെ എനിക്കു പറഞ്ഞുതന്നിട്ടുണ്ട്, ചിലതൊക്കെ ഞാന്‍ മറന്നുപോയി. പിന്നെ ഞാന്‍ പടത്തിലും മാലാഖയെ കണ്ടിട്ടുണ്ട്.
“അതുകൊള്ളാമല്ലോ, നീ ഞങ്ങള്‍ക്കുചേര്‍ന്ന ആള്‍തന്നെ.” അതും പറഞ്ഞ് മാലാഖ ഉറക്കെ ചിരിക്കാന്‍ തുടങ്ങി.
പിങ്ക്ളാങ്കി ഒരുനിമിഷം ഒന്ന് ആലോചിച്ചു. അവനൊരു സംശയം, താന്‍ ഉറങ്ങാതെ സ്വപ്നം കാണുകയാണോ?
മിഖായേല്‍ മാലാഖയോടു ചേര്‍ന്നുനിന്നപ്പോള്‍ സന്തോഷംകൊണ്ട് അവന്‍റെ കണ്ണുകള്‍ നിറഞ്ഞു.
അപ്പോഴേക്കും അമ്മയുടെ വിളി ഉയര്‍ന്നു
“പിങ്ക്ളാങ്കീ മോനേ, നീ എവിടെയാ?”
മിഖായേല്‍ മാലാഖയുടെ കൈവിടുവിച്ചു, മിണ്ടരുതെന്ന് ആംഗ്യം കാണിച്ചവന്‍, ശബ്ദം ഉണ്ടാക്കാതെ പുറത്തുകടന്നു.
തുടരും ….
പുഷ്പമ്മ ചാണ്ടി, ചെന്നൈ
 



