പാലക്കാട്: സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാറിനു തീപിടിച്ച് അമ്മയ്ക്കും മക്കൾക്കും പൊള്ളലേറ്റ സംഭവത്തിൽ ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. പൊൽപ്പുള്ളി അത്തിക്കോട് സ്വദേശികളായ മാർട്ടിൻ- എൽസി ദമ്പതിമാരുടെ മക്കളായ എംലീന മരിയ (4), ആൽഫ്രഡ് (6) എന്നിവരാണ് മരിച്ചത്. അപകടത്തിൽ കുട്ടികളുടെ മാതാവായ എൽസി (37), മൂത്ത മകൾ അലീന (10), മുത്തശ്ശി ഡെയ്സി (65) എന്നിവർക്കും പൊള്ളലേറ്റിരുന്നു. എൽസിയുടെ നില ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് കാറിനു തീപിച്ചു അപകടമുണ്ടായത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പിൻഭാഗത്തു നിന്നു തീ പടരുകയായിരുന്നു എന്നാണ് വിവരം. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ എൽസി ജോലികഴിഞ്ഞു കാറിൽ വീട്ടിലെത്തിയ ശേഷം പുറത്തുപോകാനായി മക്കളുമായി കാറിൽ കയറി സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുത്തശ്ശി ഡെയ്സിക്ക് പൊള്ളലേറ്റത്. ഒന്നര മാസം മുൻപാണ് എൽസിയുടെ ഭർത്താവു മാർട്ടിൻ മരിച്ചത്. അസുഖബാധിതയായിരുന്ന എൽസി ശസ്ത്രക്രിയ കഴിഞ്ഞ് ഏറെ നാളത്തെ അവധിക്കു ശേഷം വ്യാഴാഴ്ച ജോലിയിൽ പ്രവേശിച്ചതേയുള്ളൂ.