ഇസ്ലാമാബാദ്: ലഷ്കർ ഇ തൊയ്ബ തലവൻ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ എന്നിവരെ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് പാക്കിസ്ഥാൻ മുൻ വിദേശ കാര്യമന്ത്രി ബിലാവൽ ഭൂട്ടോ. പരസ്പര വിശ്വാസം വളർത്തുന്നതിൻ്റെ ഭാഗമായി ഇരു ഭീകരരെയും ഇന്ത്യക്ക് കൈമാറുന്നതിൽ പാക്കിസ്ഥാന് എതിർപ്പില്ലെന്നാണ് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനായ ബിലാവൽ ഭൂട്ടോ വ്യക്തമാക്കിയത്.
അൽ ജസീറ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യ സഹകരിക്കാൻ സന്നദ്ധമായാൽ ‘ആശങ്കയുള്ള വ്യക്തികളെ’ കൈമാറാൻ പാക്കിസ്ഥാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ പറഞ്ഞത്. ഹാഫിസ് സയീദിനെയും മസൂദ് അസറിനെയും ഇന്ത്യയ്ക്ക് കൈമാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാനായ ബിലാവൽ ഇക്കാര്യം പറഞ്ഞത്. നിരോധീത ഭീകര സംഘടനകളാണ് ലഷ്‌കർ ഇ തൊയ്ബയും ജെയ്ഷെ മുഹമ്മദും.
മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനാണ് ഇന്ത്യ ആവശ്യപ്പെടുന്ന ഹാഫിസ് സയീദ്. ഭീകരവാദത്തിനായി ഫണ്ട് ചെലവഴിച്ചു എന്ന കുറ്റത്തിന് ഹാഫിസ് സയീദ് ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. ഇന്ത്യയുടെ ‘മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ്’ ആയ മസൂദ് അസറിനെ യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഹാഫിസ് സയീദിനെ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറെന്ന ബിലാവലിൻറെ പ്രസ്‌താവനയെ എതിർത്ത് ഹാഫിസിൻ്റെ മകൻ തൽഹ സയീദ് രംഗത്തു വന്നു. ബിലാവൽ അത്തരമൊരു പ്രസ്താവന നടത്തരുതായിരുന്നു. ലോകത്തിന് മുന്നിൽ അപമാനം വരുത്തി വെച്ച പ്രസ്‌താവനയാണിത്. ഹാഫിസിനെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെ താനും കുടുംബവും ശക്തമായി ചെറുക്കുമെന്നും ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ട തൽഹ സയീദ് വ്യക്തമാക്കി.