പട്‌ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോൾ പ്രവചനങ്ങളെയും മറികടന്ന് എൻഡിഎയുടെ കുതിപ്പ്. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്കു കടക്കുമ്പോൾ എൻഡിഎ 206 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മഹാ സഖ്യം 30 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ മുന്നിലെത്തിയ എൻഡിഎ ക്രമേണ ലീഡ് നില വർധിപ്പിക്കുകയായിരുന്നു.
ബിജെപി – 94, ജെഡിയു – 80, എൽജെപി – 20 എന്നിങ്ങനെയാണ് എൻഡിഎയുടെ കുതിപ്പ്. മഹാ സഖ്യത്തിൽ ആർജെഡിയുടെ ലീഡ് നില 25 സീറ്റുകളിലേക്ക് താഴ്ന്നു. കോൺഗ്രസ് നാല് സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി പ്രകടനത്തിൽ പാടെ പിന്നിലായി. ഇടത് പാർട്ടികളായ സിപിഐ, സിപിഐ എംഎൽ നാല് സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്.
243 സീറ്റുകളുള്ള ബിഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. 2020 ൽ ബിഹാർ നിയമസഭയിൽ എൻഡിഎയ്ക്ക് 122 സീറ്റുകളും ഇന്ത്യ സഖ്യത്തിന് 114 സീറ്റുകളും ഉണ്ടായിരുന്നു. 66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ചയാണ് എക്സിറ്റ് പോളുകളെല്ലാം പ്രവചിച്ചത്.



