ഇന്ന് അത്തം. പൂവിളിയുമായി പൊന്നോണം വന്നെത്തി. ഇനിയുള്ള നാളുകള്‍ മലയാളികള്‍ പൂക്കളമിട്ട് ഓണത്തെ വരവേല്‍ക്കും. പ്രതീക്ഷകളുടെയും സന്തോഷത്തിന്റെയും നല്ലനാളുകളുടെ ഓര്‍മകളാണ് പൊന്നിന്‍ ചിങ്ങം സമ്മാനിക്കുന്നത്. ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്‍റേയും ഉത്സവത്തിന്‍റേയും ദിനരാത്രങ്ങള്‍. സമഭാവനയുടെ സന്ദേശമോതുന്ന തിരുവോണത്തിനായി മാവേലിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങുകയാണ് നാട്ടാരും. പരിശുദ്ധിയുടെ തൂവെള്ള നിറമേഴും തുമ്പ മുതല്‍ ചെത്തി, മന്ദാരം, ചെണ്ടുമല്ലി, പിച്ചകപൂവെല്ലാം കാഴ്ച്ചയൊരുക്കുന്ന പൂക്കളമായി മാറും.
അത്തം പത്തിന് പൊന്നോണം എന്ന ചൊല്ലിനുപകരം ഇക്കുറി പതിനൊന്നിനാണ്. 11 ദിവസം പൂക്കളമിടേണ്ടി വരുന്നതിൽ പലരും ആശയക്കുഴപ്പത്തിലാണ്. അത്തം പത്തിന് പൊന്നോണം എന്ന ചൊല്ലിൽ വിവക്ഷിക്കുന്നത് ദിവസങ്ങളുടെ എണ്ണമല്ല, മറിച്ച് നക്ഷത്രങ്ങളുടെ എണ്ണമാണ് എന്നാണ് പ്രശസ്ത ജ്യോതിഷ പണ്ഡിതരുടെ അഭിപ്രായം. അത്തം തൊട്ടെണ്ണിയാൽ പത്താമത്തെ നക്ഷത്രമായി വരുന്നത് തിരുവോണമാണ്. എന്നാൽ നക്ഷത്രമേഖലകളിലൂടെയുള്ള ചന്ദ്രസഞ്ചാരത്തിൻ്റെ ദൈർഘ്യം എല്ലാവർഷവും ഒരേ പോലെയായിരിക്കില്ല. അതിനാൽ നക്ഷത്രങ്ങൾക്ക് ഒരു ദിവസത്തിൻ്റെ ദൈർഘ്യമായ 60 നാഴികയിൽ കൂടുതലോ കുറവോ വരാം. ഇന്ന് അത്തം 59 നാഴിക 30 വിനാഴികയ്ക്കുണ്ട്. (23 മണിക്കൂർ 48 മിനുട്ട്). അതിനുശേഷം ചിത്തിര തുടങ്ങും. ഇന്ന് രാത്രി തീർന്നു നാളെ പുലരുന്ന 30 വിനാഴിക ചിത്തിരയുണ്ട് (12 മിനുട്ട്). നാളെ മുഴുവൻ ചിത്തിരയാണ്. മറ്റന്നാൾ ഉദയാൽപ്പരം ആറു നാഴിക 9 വിനാഴിക കൂടി ചിത്തിരയായിരിക്കും. അതായത് ചിത്തര നക്ഷത്രത്തിൻ്റെ ആകെ ദൈർഘ്യം 66 നാഴിക 39 വിനാഴിക (ഒരു ദിവസവും രണ്ടു മണിക്കൂറും 40 മിനുട്ടും). മറ്റു നക്ഷത്രങ്ങള്‍ക്കും ഇക്കുറി ദൈര്‍ഘ്യം ഏറെയുണ്ട്. ഇതേപോലെ ചോതിക്ക് 67 നാഴിക 17 വിനാഴികയുണ്ട്. വിശാഖം 67 നാഴിക 28 വിനാഴിക വരും. ഇങ്ങനെ പല നക്ഷത്രങ്ങള്‍ക്കും ഒരു ദിവസത്തിലേറെ ദൈര്‍ഘ്യം വരുന്നതിനാലാണ് അത്തച്ചമയം തുടങ്ങി തിരുവോണം പതിനൊന്നാം ദിവസമാകുന്നത്.
ഓണത്തിന്‍റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തം ഘോഷയാത്ര. സംസ്ഥാനത്ത് ഔദ്യോഗികമായി അത്തച്ചമയ ഘോഷയാത്രയോടെ ഓണാഘോഷങ്ങൾക്ക് തുടക്കമാകും. രാവിലെ 9 മണിക്ക് മന്ത്രി എംബി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി രാജീവ് അത്തപ്പതാക ഉയർത്തും. നടന്‍ ജയറാമാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത്. തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളിൽ പങ്കെടുക്കും. ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന വർണശഭലമായ കാഴ്ചകൾക്കാകും നഗരം സാക്ഷിയാകുക. ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.