മുംബൈ: നടിയും മോഡലും ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയുമായിരുന്ന ഷെഫാലി ജരിവാല(42)യുടെ മരണത്തിന്റെ പ്രധാന കാരണം യുവത്വം നിലനിർത്തുന്നതിനുള്ള ചികിത്സയുടെ ഭാഗമായുള്ള മരുന്നിന്റെ ഉപയോഗമെന്ന് സംശയം.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഏഴ്-എട്ട് വർഷമായി ഷെഫാലി പതിവായി വാർദ്ധക്യത്തിനെതിരായ മരുന്നുകൾ (ആന്റി ഏജിങ് മരുന്നുകൾ) കഴിക്കുന്നുണ്ടായിരുന്നു. ജൂൺ 27 ന് വീട്ടിൽ ഒരു പൂജ ഉണ്ടായിരുന്നു, അതിനാലാണ് ഷെഫാലി ഉപവസിച്ചത്. അന്നും അവർ ഈ മരുന്ന് ഉപയോഗിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഒരു ഡോക്ടർ ഈ മരുന്നുകൾ അവർക്ക് നിർദ്ദേശിച്ചു, അതിനുശേഷം അവർ എല്ലാ മാസവും ഈ ചികിത്സ സ്വീകരിച്ചുവരികയാണ്. ഇതുവരെ പോലീസ് അന്വേഷണത്തിൽ, ഈ മരുന്നുകൾ ഹൃദയസ്തംഭനത്തിന് ഒരു പ്രധാന കാരണമായിരിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച രാത്രി 10 നും 11 നും ഇടയിൽ ഷെഫാലിയുടെ ആരോഗ്യനില വഷളാകാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു. ശരീരം വിറയ്ക്കാൻ തുടങ്ങുകയും ബോധരഹിതയാവുകയും ചെയ്തു. ഉടൻ തന്നെ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആ സമയത്ത്, ഷെഫാലിയും ഭർത്താവ് പരാഗും അമ്മയും മറ്റ് ചിലരും വീട്ടിൽ ഉണ്ടായിരുന്നു.
ആന്റി-ഏജിംഗ് വയൽസ്, വിറ്റാമിൻ സപ്ലിമെന്റുകൾ, ഗ്യാസ്ട്രിക് ഗുളികകൾ എന്നിവയുൾപ്പെടെ നിരവധി മരുന്നുകൾ ഫോറൻസിക് സംഘം വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങൾ, വീട്ടുജോലിക്കാർ, ബെല്ലെവ്യൂ ആശുപത്രിയിലെ ഡോക്ടർമാർ തുടങ്ങിയവരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മരണത്തിന്റെ ഔദ്യോഗിക കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല, പോസ്റ്റ്‌മോർട്ടം ഫലങ്ങളുടെയും പിടിച്ചെടുത്ത വസ്തുക്കളുടെ രാസ വിശകലനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.
2002-ൽ പുറത്തിറങ്ങിയ ‘കാട്ടാ ലഗാ’ എന്ന റീമിക്‌സ് മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. ഈ ആൽബം വൻ ഹിറ്റായിരുന്നു. 2000-കളുടെ തുടക്കത്തിൽ പോപ്പ് സംസ്കാരത്തിന്‍റെ ഒരു പ്രതീകമായി മാറിയ ഈ വീഡിയോ, ഷെഫാലിയ്ക്ക് രാജ്യം മുഴുവന്‍ ശ്രദ്ധ നേടിക്കൊടുത്തു. പിന്നീട് 2004-ൽ സൽമാൻ ഖാൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര എന്നിവർ അഭിനയിച്ച ‘മുജ്‌സെ ശാദി കരോഗി’ എന്ന സിനിമയിൽ കാമിയോ വേഷത്തിൽ ഇവർ എത്തിയിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ അവർ ടെലിവിഷനിലേക്ക് മാറി, ഭർത്താവ് പരാഗ് ത്യാഗിയോടൊപ്പം നാച്ച് ബാലിയേ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും പിന്നീട് 2019-ൽ ‘ബിഗ് ബോസ് 13’ എന്ന റിയാലിറ്റി ഷോയിൽ എത്തുകയും ചെയ്തു.