ന്യൂഡൽഹി: ജനറൽ അനിൽ ചൗഹാൻ സംയുക്ത സൈനിക മേധാവിയായി തുടരും. 2026 മെയ് 30 വരെയാണ് കാലാവധി നീട്ടിയത്. ഈ മാസം 30-ന് കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ തീരുമാനം. അനിൽ ചൗഹാന്റെ സേവന കാലാവധി നീട്ടുന്നതിന് അംഗീകാരം നൽകിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2022 സെപ്റ്റംബർ 30-നായിരുന്നു അനിൽ ചൗഹാൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ചുമതലയേറ്റത്. ഇന്ത്യൻ സായുധസേനയുടെ രണ്ടാമത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാണ് അനിൽ ചൗഹാൻ. പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകിയ ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂറിന് നേതൃത്വം നൽകിയത് അനിൽ ചൗഹാനായിരുന്നു.
2021 ഡിസംബറിൽ കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് മരിച്ച ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായാണ് അനിൽ ചൗഹാൻ സിഡിഎസ് സ്ഥാനത്തേക്ക് അധികാരമേറ്റത്. 1981-ൽ ഇന്ത്യൻ സൈന്യത്തിൽ കമ്മീഷൻ ചെയ്യപ്പെട്ട അദ്ദേഹം മികച്ച സേവനത്തിന് പരം വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധസേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, സേന മെഡൽ തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്..