Monday, September 1, 2025
Mantis Partners Sydney
Home » കേരളത്തിൽ ബിജെപി വിജയക്കൊടി പാറിക്കും: അമിത് ഷാ
കേരളത്തിൽ ബിജെപി വിജയക്കൊടി പാറിക്കും: അമിത്ഷാ.

കേരളത്തിൽ ബിജെപി വിജയക്കൊടി പാറിക്കും: അമിത് ഷാ

by Editor

2026-ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നു അമിത് ഷാ. കേരളത്തിലും അധികാരത്തില്‍ എത്താനുള്ള അവസരമാണ് ബിജെപിക്ക് വന്നിരിക്കുന്നത്, നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരണ ലക്ഷ്യം വച്ചാണ് ബിജെപി മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പതിനഞ്ച് വർഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്. ഇവിടുത്തെ രാഷ്ട്രീയം മനസിലാക്കുന്നു. ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം ആണെന്നും സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനമാണെന്നും അദ്ദേഹം പറഞ്ഞു. പുത്തരിക്കണ്ടത്ത് ബിജെപി വാർഡ് തല നേതൃസം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും പറയുന്നത്. എന്നാല്‍ അസമിലും ത്രിപുരയിലും ഒഡീഷയിലും തെലങ്കാനയിലും പാര്‍ട്ടി ശക്തമായ സാന്നിധ്യമറിയിച്ചു. അസാമിലും തൃപുരയിലും ഒറിസയിലും സർക്കാരുണ്ടാക്കുമെന്ന് പറഞ്ഞപ്പോൾ ഇവർ പരിഹസിച്ചു. എന്നാൽ ഇന്ന് ഈ സംസ്ഥാനങ്ങൾ ഭരിക്കുന്നത് ബിജെപിയാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും ഇത് ആവർത്തിക്കും. ഇതു തന്നെയാണ് കേരളത്തിലും ആവർത്തിക്കാൻ പോകുന്നത്.

സംസ്ഥാനത്ത് മാറിമാറി അധികാരത്തിൽ ഇരിക്കുന്ന ഇടത്-വലത് മുന്നണികൾക്ക് ആകെ പറയാനുള്ളത് അഴിമതിയുടെ ചരിത്രമാണ്, പിണറായി സർക്കാർ നടത്തിയ എക്സാലോജിക്ക് മുതൽ പിപിഇ കിറ്റ് അഴിമതി വരെ പേരെടുത്ത് പരാമർശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. യുഡിഎഫും ഇക്കാര്യത്തിൽ മോശക്കാരല്ല. അടച്ചു പൂട്ടാൻ പോകുന്ന പാർട്ടിയാണ് കോൺ​ഗ്രസ്. കിട്ടുമ്പോഴെല്ലാം കൊള്ളയടിക്കുകയായിരുന്നു അവരും. രണ്ടു മുന്നണികളും ഇക്കാര്യത്തിൽ അളിയൻമാരാണ്. എന്നാൽ 11 വർഷമായി കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. വികസിത കേരളം യാഥാർത്ഥ്യമാക്കാൻ ബിജെപിക്കേ സാധിക്കൂവെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. മന്നത്തു പത്മനാഭന്റെയും ശ്രീനാരായണ ഗുരുദേവന്റെയും അയ്യങ്കാളിയുടെയും പണ്ഡിറ്റ് കറുപ്പന്റെയും ഭൂമിയായ കേരളത്തെ നമിക്കുന്നുവെന്നും കേരളത്തില്‍ എന്‍ഡിഎ ഭരണം സ്ഥാപിക്കുന്നതിന്റെ തുടക്കമാകട്ടെ ഇതെന്നും അമിത് ഷാ പറഞ്ഞു.

ബിജെപിയുടെ തിരുവനന്തപുരത്തെ പുതിയ സംസ്ഥാന കാര്യാലയത്തിൻ്റെ ഉദ്ഘാടനം, ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷാ മുതിർന്ന ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ നി‍ർവ്വഹിച്ചു. പാർട്ടി പതാക ഉയർത്തിയ അദ്ദേഹം, രാജ്യത്തിനും പാർട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറയ്ക്കും കാലാതീതമായ സംഭാവനകൾ നല്കിയ ശ്യാമപ്രസാദ് മുഖ‍ർജിയുടെയും ദീൻദയാൽ ഉപാധ്യായയുടെയും പ്രതിമകളിൽ പുഷ്പാർച്ചന നടത്തി. കേരളത്തിലെ പാർട്ടിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച ശ്രീ കെ.ജി. മാരാരുടെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്തു.

Send your news and Advertisements

You may also like

error: Content is protected !!