തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവിൽപനയിൽ റെക്കോഡിട്ട് ബിവറേജസ് കോർപ്പറേഷൻ. പതിനൊന്ന് ദിവസം കൊണ്ട് 920.74 കോടി രൂപയുടെ കച്ചവടമാണ് ബെവ്‌കോയില്‍ നടന്നത്. മുൻവർഷത്തേക്കാൾ 78.67 കോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത് മലപ്പുറം തിരൂരിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലാണ്. 6.41 കോടി രൂപയുടെ മദ്യമാണ് തിരൂരില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ നേട്ടം സ്വന്തമാക്കിയത് കൊല്ലം കരുനാഗപ്പള്ളി ഔട്ട്‌ലെറ്റായിരുന്നു.
കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ ഇത്തവണ 6.40 കോടി രൂപയുടെ മദ്യവില്‍പനയാണ് നടന്നത്. തൊട്ട് താഴെ മലപ്പുറം എടപ്പാള്‍ ഔട്ട്‌ലെറ്റാണ്. എടപ്പാള്‍ ഔട്ട്‌ലെറ്റില്‍ 6.19 കോടിയുടെ വില്‍പനയാണ് നടന്നത്. നാലാം സ്ഥാനത്ത് തിരുവനന്തപും പവര്‍ഹൗസിലെ ഔട്ട്‌ലെറ്റാണ്. 5.16 കോടിയുടെ മദ്യവില്‍പനയാണ് പവര്‍ഹൗസ് ഔട്ട്‌ലെറ്റില്‍ നടന്നത്. അഞ്ചാം സ്ഥാനത്ത് തൃശൂര്‍ ചാലക്കുട്ടി ഔട്ട്‌ലെറ്റാണ്. ഇവിടെ 5.10 കോടിയുടെ വില്‍പനയാണ് നടന്നത്.
അത്തം മുതല്‍ അവിട്ടം വരെയുള്ള കണക്കുകളാണ് പരിശോധിച്ചിരിക്കുന്നത്. ഇതില്‍ സെപ്റ്റംബര്‍ ഒന്നിനും തിരുവോണ ദിവസവും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അവധിയായിരുന്നു. തിരുവോണത്തിന് അവധിയായിരുന്നതിനാല്‍ ഉത്രാട ദിനം മിക്ക ഔട്ട്‌ലെറ്റുകളിലും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. അവിട്ടത്തിനും റെക്കോഡ് വിൽപനയാണ് ഉണ്ടായിരിക്കുന്നത്. 94.36 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം അവിട്ടം ദിനത്തിൽ 65.25 കോടിയുടെ വിൽപനയാണ് നടന്നത്. 78.29 ലക്ഷം കേയ്‌സ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് വിറ്റുപോയത്. അതിനു മുൻപുള്ള 6 മാസം വിറ്റത് 73.67 ലക്ഷം കുപ്പികളാണ്.
അതേസമയം ബെവ്കോയിൽ പ്ലാസ്റ്റിക് മദ്യ കുപ്പി സ്വീകരിക്കുന്നത് നാളെ മുതൽ തുടങ്ങും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ 20 ഔട്ട്ലെറ്റുകളിലാണ് കുപ്പികൾ സ്വീകരിക്കുക . ഒരു കുപ്പിക്ക് 20 രൂപയാണ് നൽകുക. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നൽകണം. ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ പണം തിരികെ നൽകും.