Monday, September 1, 2025
Mantis Partners Sydney
Home » അഹമ്മദാബാദ് വിമാന ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു; ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫായിരുന്നു.
രാജ്യത്തെ നടുക്കി വിമാനദുരന്തം

അഹമ്മദാബാദ് വിമാന ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു; ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫായിരുന്നു.

by Editor

ന്യൂഡൽഹി: അഹമ്മദാബാദ് ആകാശദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തന്നെ രണ്ട് എഞ്ചിനുകളുടെയും പ്രവർത്തനം നിലച്ചതായി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡിൽ നിന്നുള്ള വിശദാംശങ്ങളും പ്രാഥമിക റിപ്പോർട്ടിലുണ്ട്. എഞ്ചിനുകളിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന ഇന്ധന കട്ട്ഓഫ് സ്വിച്ചുകൾ, ഒരു സെക്കൻഡിനുള്ളിൽ ‘RUN’ ൽ നിന്ന് ‘CUTOFF’ ലേക്ക് ഒന്നിനുപുറകെ ഒന്നായി മാറി. പിന്നാലെ “എന്തിനാണ് നിങ്ങൾ കട്ട് ഓഫ് ചെയ്തത്?” എന്ന് പൈലറ്റ് ചോദിക്കുന്നത് കേൾക്കാം, സഹ പൈലറ്റ് “ഞാൻ ചെയ്തില്ല” എന്ന് മറുപടി നൽകുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡിംഗിൽ നിന്നാണ് നിർണ്ണായ ശബ്ദരേഖകൾ ലഭിച്ചത്.

അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബോയിങ് 787-8 വിമാനത്തിൻ്റെ എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്‌ത നിലയിലായിരുന്നു. ടേക്ക് ഓഫ് ചെയ്‌ത്‌ സെക്കൻഡുകൾക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതാണ് അകടത്തിന് കാരണമായത്. വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്വിച്ചുകൾ ഓഫായിരുന്നത് ശ്രദ്ധയിൽപ്പെട്ട് പെട്ടെന്ന് ഓൺ ചെയ്തെങ്കിലും എൻജിനുകൾ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവർത്തിച്ചു തുടങ്ങുന്നതിന് മുമ്പ് തന്നെ വിമാനം തകർന്നു വീഴുകയുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൃത്യമായ വിവരങ്ങൾ അറിയാൻ വിശദമായ അന്വേഷണം വേണമെന്നാണ് എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ടിൽ നിർദേശിക്കുന്നത്.

അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് ഒരു മാസമാകുന്ന ദിവസമാണ് ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് പുറത്തുവിട്ടത്. സഹപൈലറ്റ് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയത്. പൈലറ്റ്-ഇൻ-കമാൻഡായ സുമീത് സബർവാൾ നിരീക്ഷിക്കുകയായിരുന്നു. സബർവാൾ ബോയിംഗ് 787 വിമാനം 8600 മണിക്കൂർ പറത്തിയ പൈലറ്റാണ്. കുന്ദർ 1,100 മണിക്കൂർ വിമാനം പറത്തിയ പരിചയമുള്ളയാളുമായിരുന്നു. സർവീസ് തുടങ്ങും മുൻപ് ഇരുവർക്കും മതിയായ വിശ്രമം ലഭിച്ചിരുന്നു. 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ വിശദമായ അന്വേഷണം ആവശ്യമെന്ന് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ ദിവസമാണ് വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്.

റിപ്പോർട്ടിലെ പ്രധാന വസ്‌തുതകൾ

  • 32 സെക്കൻഡ് മാത്രമാണ് വിമാനം പറന്നത്. 0.9 നോട്ടിക്കൽ മൈൽ മാത്രമാണ് ആകെ സഞ്ചരിച്ചത്.
  • വിമാനത്തെ നിയന്ത്രിക്കുന്ന ചിറകിലെ ഫ്ലാപ്പുകൾ ശരിയായ ദിശയിലായിരുന്നു.
  • വിമാനത്താവളത്തിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും ടേക്കോഫിനു തൊട്ടു പിന്നാലെ റാം എയർ ടർബൈൻ (RAT) വിന്യസിക്കുന്നത് കാണാം.
  • പരിസരത്ത് കാര്യമായ പക്ഷി സാന്നിധ്യമില്ല
  • വിമാനത്താവളത്തിൻ്റെ പരിധി കടക്കുന്നതിന് മുമ്പ് തന്നെ വിമാനം താഴ്ന്നു പറക്കാൻ തുടങ്ങിയിരുന്നു.
  • രണ്ട് എൻജിനുകളും വീണ്ടും പ്രവർത്തിപ്പിക്കാൻ പൈലറ്റുമാർ ശ്രമിച്ചതിൻ്റെ തെളിവുകൾ ബ്ലാക്ക് ബോക്സസിൽ നിന്നും ലഭിച്ചു. എന്നാൽ ഒന്നാമത്തെ എഞ്ചിൻ ഓൺ ആയെങ്കിലും രണ്ടാമത്തേത് പ്രവർത്തിച്ചില്ല.
  • അട്ടിമറി നടന്നതിൻ്റെ തെളിവുകളൊന്നും റിപ്പോർട്ടിലില്ല
  • അപകടസമയത്ത് കാലാവസ്ഥ പ്രതികൂലമായിരുന്നില്ല
  • പൈലറ്റുമാർക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരിന്നില്ല
  • പൈലറ്റുകൾക്ക് വിമാനങ്ങൾ പറത്തുന്നതിൽ മതിയായ പരിചയവുമുണ്ടായിരുന്നു.
  • 2023 മുതൽ ഇന്ധന നിയന്ത്രണ സ്വിച്ചുമായി ബന്ധപ്പെട്ട് തകരാർ റിപ്പോർട്ട് ചെയ്‌തിട്ടില്ല

എഎഐബിയുടെ റിപ്പോർട്ട് പ്രാഥമിക അന്വേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അന്തിമ റിപ്പോർട്ട് പുറത്തുവരുന്നതുവരെ കാത്തിരിക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോ​ഹൻ നായിഡു പറഞ്ഞു. ഇക്കാര്യത്തിൽ നമ്മൾ എടുത്തുചാടി ഒരു നി​​ഗമനത്തിലും എത്തരുത്. ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരും ജീവനക്കാരുമാണ് നമുക്കുള്ളത്. വ്യോമയാന മന്ത്രാലയത്തിന്റെ നട്ടെല്ലാണ് അവർ. അതിനാൽ ഒരു നി​ഗമനത്തിൽ എത്താൻ നമുക്ക് സാധിക്കില്ല. സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. വ്യക്തമായ മറുപടി പറയാൻ ഇപ്പോൾ സാധിക്കില്ല. അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!