ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകിക്കൊണ്ട് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ വൻ വിജയമായിരുന്നെന്ന് ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം നേടി. 13 പാക് വ്യോമതാവളങ്ങൾ ആക്രമിച്ചു. പാക്കിസ്ഥാനിലെ ഒമ്പത് ഭീകരവാദകേന്ദ്രങ്ങളാണ് തകർത്തെറിഞ്ഞത്. ഇന്ത്യയ്ക്ക് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും അജിത് ഡോവൽ വ്യക്തമാക്കി.
പാക്കിസ്ഥാൻ അത് ചെയ്തു ഇത് ചെയ്തുവെന്ന് പറയുന്ന വിദേശമാധ്യമങ്ങളുടെ വിശ്വാസ്യതയെയും അജിത് ഡോവൽ ചോദ്യം ചെയ്തു. പറയുന്നതുപോലെ ഇന്ത്യയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് തെളിവ് കൊണ്ടുവരാനും അജിത് ഡോവൽ വെല്ലുവിളിച്ചു. ഐഐടി മദ്രാസിൽ നടന്ന ചടങ്ങിനിടെയാണ് ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിൽ ഇന്ത്യയ്ക്ക് നഷ്ടമുണ്ടായെന്ന വിദേശ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ തള്ളി കളഞ്ഞുകൊണ്ട് അജിത് ഡോവൽ തുറന്നടിച്ചത്.
പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ കൃത്യമായി ലക്ഷ്യംവച്ചു. 23 മിനിറ്റ് മാത്രമാണ് ഓപ്പറേഷൻ സിന്ദൂറിന് വേണ്ടി എടുത്തത്. ഇന്ത്യയ്ക്ക് യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ല. ആരൊക്കെ എവിടെയൊക്കെയാണ് എന്നതിനെ കുറിച്ച് കൃത്യമായി ഞങ്ങൾക്ക് അറിയാമായിരുന്നു. പാക്കിസ്ഥാൻ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നാണ് വിദേശ മാധ്യമങ്ങൾ പറഞ്ഞിരുന്നത്. ഇന്ത്യയിൽ ആക്രമണം നടത്തിയിട്ടുണ്ടെങ്കിൽ തെളിവ് നിരത്തണമെന്നും അജിത് ഡോവൽ ആവശ്യപ്പെട്ടു.
പാക്കിസ്ഥാന്‍റെ ഉള്‍പ്രദേശങ്ങളിലുള്ള തീവ്രവാദ താവളങ്ങളിലേക്ക് വളരെ കൃത്യതയോടെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇതിൽ ലഭ്യമായ ഉപഗ്രഹ ചിത്രങ്ങളിൽ നാശനഷ്ടം വ്യക്തമാണ്. മെയ് പത്തിന് മുമ്പും അതിനുശേഷവുമുള്ള പാക്കിസ്ഥാനിലെ 13 വ്യോമ താവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചാൽ തന്നെ എല്ലാം വ്യക്തമാകും. പാക്കിസ്ഥാനിലെ വ്യോമ താവളങ്ങള്‍ക്ക് കനത്ത നാശനഷ്ടമുണ്ടാക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിയുമെന്ന് നമ്മൾ കാണിച്ചുകെടുത്തു. ഇതിലും വലിയ നാശനഷ്ടം ഉണ്ടാക്കാനാകും. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയകരമായാണ് ഓപ്പറേഷൻ സിന്ദൂര്‍ നടപ്പാക്കിയത്. അതിൽ നമുക്ക് തീര്‍ച്ചയായും അഭിമാനിക്കാം എന്നും അജിത് ഡോവൽ പറഞ്ഞു.