രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റടക്കം രണ്ടു പേർ മരിച്ചു. ജാഗ്വാര്‍ വിമാനമാണ് ചുരുവിലെ ഗ്രാമീണ മേഖലയില്‍ ഒരു വയലിൽ തകര്‍ന്നു വീണത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൂറത്ത് നഗർ വ്യോമ താവളത്തിൽ പറന്നുയർന്നതാണ് വിമാനം. വിമാനം തകർന്നു വീണ് സ്ഥലത്ത് ശരീര ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. വിമാനം തകർന്നു വീണ സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. കരയിലെ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ദൗത്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നവയാണ് വ്യോമ സേനയുടെ ജഗ്വാർ വിമാനങ്ങൾ.
കഴിഞ്ഞ ഏപ്രിലിൽ ജാംനാഗർ എയർഫീൽഡിൽ നിന്ന് പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കകം തകർന്നുവീണിരുന്നു. സാങ്കേതിക തകരാറ് മൂലമാണ് വിമാനം തകർന്നതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.