ബോളിവുഡ് നടി ഷെഫാലി ജരിവാല അന്തരിച്ചു. 42 വയസായിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് നടിയെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്ധേരിയിലെ വസതിയിലാണ് ഷെഫാലി ജരിവാലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയവും നിലനിൽക്കുന്നുണ്ട്. മരണകാരണം വ്യക്തമല്ലെന്ന് അന്വേഷണസംഘം അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൂപ്പർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഷെഫാലിയുടെ മരണത്തിന് പിന്നാലെ ഫോറൻസിക് വിദഗ്ധരും പൊലീസും വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഭർത്താവും നടനുമായ പരാഗ് ത്യാഗിയാണ് സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്നാണ് ആദ്യ മണിക്കൂറുകളിൽ പുറത്തുവന്ന വാർത്ത. പിന്നീട് മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.
2002ൽ പുറത്തിറങ്ങിയ ‘കാന്ടാ ലഗാ’ എന്ന ഗാനത്തിലൂടെയാണ് ഷെഫാലി പ്രശസ്തിയിലേക്ക് ഉയർന്നത്. ഈ ഗാനം വലിയ തരംഗമായി മാറി. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും ഡാൻസ് ഷോകളിലും പങ്കെടുത്ത് ജനപ്രിയ താരമായി. ബിഗ് ബോസ് പതിമൂന്നാം സീസണിലും ഷെഫാലി പങ്കെടുത്തിരുന്നു. 2004-ൽ ഹർമീത് സിങ്ങിനെ വിവാഹം ചെയ്തെങ്കിലും 2009-ൽ പിരിഞ്ഞു. 2015-ലാണ് പരാഗ് ത്യാഗിയെ വിവാഹം കഴിച്ചത്.