മലപ്പുറം: നിപ സമ്പർക്ക പട്ടികയിലുള്ള യുവതി മരിച്ചു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന കോട്ടയ്ക്കൽ സ്വദേശിയായ രോഗിയാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. എന്നാൽ 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ആദ്യ പരിശോധനയിലും ഇവർ നിപ നെഗറ്റീവ് ആയിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങളേത്തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയത്. പരിശോധനാ ഫലം വരുന്നതു വരെ മൃതദേഹം സംസ്‌കരിക്കരുതെന്നാണ് ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു. പ്രോട്ടോക്കോൾ പ്രകാരം ഇവർ ഹൈറിസ്ക്‌ക് സമ്പർക്ക പട്ടികയിലായിരുന്നു. മങ്കടയിലെ 18 കാരി ജൂലൈ ഒന്നിനാണ് മരിച്ചത്. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് നിപ രോഗം കണ്ടെത്തിയത്.
അതിനിടെ നിപ ഭീഷണിയുടെ കാരണം കണ്ടെത്താൻ പാലക്കാട് ജില്ലയിൽ നായ്ക്കളുടെയും പൂച്ചകളുടെയും രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. നിപാ ബാധിത പ്രദേശമായ തച്ചനാട്ടുകരയിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ഇതിലൂടെ നിപയുടെ ഉറവിടം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 498 പേർ ഉള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം ജില്ലയിൽ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. 2 പേർ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയിൽ ഇതുവരെ 46 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേർ ഐസൊലേഷനിൽ ചികിത്സയിലാണ്. പാലക്കാട് ജില്ലയിൽ 5 പേരുടെ ഫലം നെഗറ്റീവായി. 2 പേരെ ഡിസ്‌ചാർജ് ചെയ്തു. സംസ്ഥാനത്ത് ആകെ 29 പേർ ഹൈയസ്റ്റ് റിസ്‌കിലും 116 പേർ ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവിൽ ചികിത്സയിലാണ്. സെപ്റ്റംബര്‍ മാസം വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ മന്ത്രി നിര്‍ദേശം നല്‍കി.