പാലക്കാട്: പാലക്കാട് ചങ്ങലീരിയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചയാളുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവായത്. സമ്പര്‍ക്ക പട്ടികയിലുള്ള ഇദ്ദേഹം ഐസൊലേഷനില്‍ ആയിരുന്നു. ഫാമിലി ട്രീ തയാറാക്കിയിട്ടുണ്ട്. ആവശ്യമായ എല്ലാവര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
രണ്ടുദിവസം മുന്‍പാണ് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അന്‍പത്തിയെട്ടുകാരന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചിരുന്നു. മരണം സ്ഥിരീകരിച്ചതോടെ മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളും പ്രഖ്യാപിച്ചു. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ ലക്ഷണങ്ങളോടു കൂടിയ പനി, മസ്തിഷ്‌ക ജ്വരം എന്നിവയുണ്ടെങ്കില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം. വിവിധ ജില്ലകളിലായി 723 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 51 പേരാണ് പുതുതായി നിപ സംശയിക്കുന്നയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. പാലക്കാട് 394, മലപ്പുറം 212, കോഴിക്കോട് 114, എറണാകുളം 2, തൃശൂര്‍ 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 10 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. മലപ്പുറത്ത് ഇതുവരെ 84 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 7 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് 38 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 142 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.