Monday, September 1, 2025
Mantis Partners Sydney
Home » പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശനം മാറ്റി; വിക്ടറി ഡേ പരേഡിൽ രാജ്‍നാഥ് സിങ് പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശനം മാറ്റി; വിക്ടറി ഡേ പരേഡിൽ രാജ്‍നാഥ് സിങ് പങ്കെടുക്കും.

by Editor

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശനം മാറ്റി. മെയ് 9 ന് മോസ്കോയിൽ നടക്കാനിരിക്കുന്ന റഷ്യയുടെ വിജയദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രി വിദേശയാത്ര മാറ്റിവച്ചതെന്നാണ് നിഗമനം. പ്രധാനമന്ത്രിക്കു പകരം പ്രതിരോധമന്ത്രി രാജ്‍നാഥ് സിങ് ചടങ്ങിൽ പങ്കെടുക്കുമെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരായ വിജയത്തിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ചാണ് റഷ്യയിലെ പരിപാടി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര നേതാക്കൾ റഷ്യയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യാത്ര നിശ്ചയിച്ചിരുന്നെങ്കിലും പരിപാടിയിൽ നിന്ന് അവസാന നിമിഷം പിന്മാറുകയായിരുന്നു. 1945 ജനുവരിയിലാണു സോവിയറ്റ് സൈന്യം ജർമ്മനിക്കെതിരെ ആക്രമണം ആരംഭിക്കുന്നത്. മേയ്‌ ഒമ്പതിന് ജർമനി ജർമനി ആക്‌ട്‌ ഓഫ്‌ അണ്‍കണ്ടിഷണല്‍ സറണ്ടറില്‍ ഒപ്പുവച്ചതോടെയാണു യുദ്ധത്തിന് ഔദ്യോഗിക വിരാമമായത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഡൽഹിയിൽ നിർണായകമായ പല കൂടിക്കാഴ്ചകളും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നുകൊണ്ടിരിക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേശക സമിതി (എൻ‌എസ്‌എബി) കേന്ദ്രസർക്കാർ പുനഃസംഘടിപ്പിച്ചു. സായുധ സേന, ഇന്റലിജൻസ്, നയതന്ത്രം, പോലീസ് സർവീസുകൾ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി. എൻ‌എസ്‌എബിയുടെ പുതിയ ചെയർമാനായി മുൻ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) മേധാവി അലോക് ജോഷിയെ നിയമിച്ചു. ഇന്ത്യയുടെ സൈനിക, പോലീസ്, വിദേശ സേവനങ്ങളിൽ നിന്നുള്ള വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഏഴ് അംഗ ബോർഡാണ് രൂപീകരിച്ചത്. മുൻ വെസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ പിഎം സിൻഹ, മുൻ ദക്ഷിണ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ എകെ സിംഗ്, സായുധ സേനയിൽ നിന്നുള്ള റിയർ അഡ്മിറൽ മോണ്ടി ഖന്ന എന്നിവരും സമിതി അംഗങ്ങളാണ്. മുൻ ഐപിഎസ് ഓഫീസർമാരായ രാജീവ് രഞ്ജൻ വർമ്മ, മൻമോഹൻ സിംഗ്, മുൻ ഐഎഫ്എസ് ഉദ്യോഗ്ഥൻ ബി വെങ്കടേഷ് വർമ്മയുമാണ് മറ്റ് അംഗങ്ങൾ. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഎസ്), ‘സൂപ്പർ കാബിനറ്റ്’ എന്നറിയപ്പെടുന്ന രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി (സിസിപിഎ) യോഗങ്ങൾക്ക് പിന്നാലെയാണ് സമിതിയുടെ പുനഃസംഘടന.

പഹൽഗാം ആക്രമണത്തിന് തിരിച്ചടിക്കാൻ സൈനിക വിഭാഗങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയെന്നാണ് ഇന്നലെ പ്രധാനമന്ത്രി വ്യക്തമാക്കിയത്.

പഹൽ​ഗാമിൽ ലഷ്‌കർ കമാൻഡർ ഫാറൂഖ് അഹമ്മദിന്റെ പങ്ക് സ്ഥിരീകരിച്ച് എൻ ഐ എ

Send your news and Advertisements

You may also like

error: Content is protected !!