ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ ഭീകരരെ പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്തിട്ടുണ്ടെന്ന പാക്കിസ്ഥാന്റെ തുറന്നുപറച്ചിലിനെതിരെ ഐക്യരാഷ്ട്രസഭയിൽ രൂക്ഷ വിമർശനവുമായി ഇന്ത്യ. പാക്കിസ്ഥാനെ തെമ്മാടി രാഷ്ട്രമെന്നായിരുന്നു യുഎന്നിൽ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധിയായ യോജ്ന പട്ടേല്‍ വിശേഷിപ്പിച്ചത്. ‘‘ഭീകരവാദ സംഘങ്ങൾക്കു പണം നൽകുകയും പിന്തുണ നൽകുകയും പരിശീലനം കൊടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ ചരിത്രത്തെക്കുറിച്ച് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ടെലിവിഷൻ അഭിമുഖത്തിൽ ഏറ്റുപറയുന്നത് ലോകം മുഴുവൻ കണ്ടു. ഈ ഏറ്റുപറച്ചിൽ ആരെയും അദ്ഭുതപ്പെടുത്തുന്നില്ല. ലോകത്തു ഭീകരവാദത്തിന് ഇന്ധനം പകരുന്ന ഒരു തെമ്മാടി രാഷ്ട്രമാണു പാക്കിസ്ഥാനെന്ന് അതിലൂടെ തുറന്നുകാട്ടപ്പെടുകയാണ്, ലോകത്തിന് ഇനി കണ്ണടയ്ക്കാൻ കഴിയില്ല,” ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി അംബാസഡർ യോജ്ന പട്ടേൽ പറഞ്ഞു.
ഇന്ത്യയ്ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനും പ്രചാരണത്തിൽ ഏർപ്പെടുന്നതിനും പാകിസ്താൻ ആഗോള വേദിയെ ദുരുപയോഗം ചെയ്യുന്നുവെന്ന് യോജ്ന പട്ടേൽ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആഗോള സമൂഹം നൽകിയ “ശക്തവും വ്യക്തവുമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും” ഇന്ത്യ നന്ദി പറഞ്ഞു. തീവ്രവാദത്തോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ തെളിവാണിതെന്ന് യോജ്ന ചൂണ്ടിക്കാട്ടി.