ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനെ തുടർന്ന് ഇന്ത്യ സ്വീകരിച്ച കടുത്ത തീരുമാനങ്ങളിൽ യുദ്ധഭീഷണിയുമായി എത്തുന്ന പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യൻ നാവികസേന. എന്തിനും ഏതിനും ഏപ്പോഴും സജ്ജമാണെന്ന് നാവികസേന അറിയിച്ചു. നാവികസേനയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധകപ്പലുകൾ ചേർത്തിട്ടിരിക്കുന്ന ചിത്രവും നാവികസേന പങ്കുവച്ചിട്ടുണ്ട്. നേരത്തെ മിസൈൽ പരീക്ഷണം നടത്തി തങ്ങൾ സജ്ജരാണെന്ന് നാവികസേന സൂചന നൽകിയിരുന്നു. ഐഎൻഎസ് സൂറത്തിൽ നിന്നായിരുന്നു പരീക്ഷണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ നാവികസേന പങ്കുവച്ചിരുന്നു.
അതേസമയം തീവ്രവാദികൾക്കെതിരായ നടപടി ശക്തമാക്കി അധികൃതർ. കശ്മീരിൽ ഇന്നലെ അഞ്ച് ഭീകരരുടെ വീടുകൾ ജില്ലാ ഭരണകൂടം തകർത്തു. കശ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത്. ഷോപിയാനിൽ മുതിർന്ന ലഷ്കരെ ത്വയ്ബ കമാൻഡർ ഷാഹിദ് അഹ്മദ് കുട്ടേയുടെയും കുൽഗാമില് ഭീകരൻ സാഹിദ് അഹമ്മദിന്റെയും വീടുകൾ തകർത്തു. പുൽവാമയിൽ ലഷ്കർ ഭീകരൻ ഇഷാൻ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്സാൻ ഉൾ ഹഖ് ഷെയ്ഖ് എന്നിവരുടെയും വീടുകൾ ഇന്നലെ തകർത്തു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് തെളിയിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നു. ലോക നേതാക്കളുമായുള്ള ആശയ വിനിമയത്തിൽ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വിദേശകാര്യ മന്ത്രാലയവും നിർണ്ണായക വിവരം മറ്റ് രാജ്യങ്ങളെ ധരിപ്പിച്ചു.
അതിനിടെ ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ് നിർദ്ദേശം. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായി നിൽക്കണം എന്നും അറിയിപ്പിൽ പറയുന്നു. പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതടക്കം വിഷയങ്ങളിൽ ഉടൻ ഉന്നത തലത്തിൽ കൂടിയാലോചന ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.