Thursday, April 24, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » പഹല്‍ഗാം ഭീകരാക്രമണം: മരിച്ചവരിൽ വിദേശികളും; സൗദിസന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി മടങ്ങുന്നു.
പഹല്‍ഗാം ഭീകരാക്രമണം: മരിച്ചവരിൽ വിദേശികളും; സൗദിസന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി മടങ്ങുന്നു.

പഹല്‍ഗാം ഭീകരാക്രമണം: മരിച്ചവരിൽ വിദേശികളും; സൗദിസന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി മടങ്ങുന്നു.

by Editor
Mind Solutions

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദ്വിദിന സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങുന്നു. സൗദിയിലെ മോദിയുടെ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. രാവിലെ എത്തുമെന്നാണ് സൂചന. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച ആണ് മോദി സൗദിയിലേക്ക് പുറപ്പെട്ടത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ഇന്ത്യ- സൗദി ഉച്ചകോടി തുടങ്ങിയത്. സൗദി കിരീടാവകാശി അനുശോചനം അറിയിച്ചു. ഇന്ത്യയ്ക്ക് എല്ലാ സഹായവും സൗദി കിരീടാവകാശി വാഗ്ദാനം ചെയ്തു. ഇന്ത്യൻ തൊഴിലാളികളുടെ ഫാക്ടറി സന്ദർശനം, വ്യവസായികളുമായി കൂടിക്കാഴ്ച്ച എന്നിവയായിരുന്നു മോദിയുടെ ഇന്നത്തെ പരിപാടികൾ. ഇതെല്ലാം റദ്ദാക്കിയാണ് മോദി മടങ്ങുന്നത്.

രാജ്യം വീണ്ടും ഭീകരാക്രമണത്തിന്റെ വാർത്തയിൽ നടുങ്ങിയിരിക്കുകയാണ്. ജമ്മുകശ്മീരിൽ വിനോദസഞ്ചാരത്തിന് എത്തിയവരാണ് കൊല്ലപ്പെട്ടത്. സമീപ വർഷങ്ങളിൽ സാധാരണക്കാർക്കു നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് പഹൽഗാമിലേതെന്നാണ് മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി, ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്യുകയാണ്. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ ഇന്നു സന്ദർശിക്കും. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.

ഭീകരാക്രമണ വാർത്ത പുറത്തെത്തിയതോടെ ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടന ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. പാക്കിസ്ഥാൻ ആസ്‌ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തൊയിബയുടെ നിഴൽ ഗ്രൂപ്പാണ് ദി റെസിസ്‌റ്റൻസ് ഫ്രണ്ട് (ടിആർഎഫ്). 2023 ജനുവരിയിൽ യുഎപിഎ നിയമപ്രകാരം കേന്ദ്ര സർക്കാർ ടിആർഎഫിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു തൊട്ടുപിന്നാലെയാണ് ടിആർഎഫ് കശ്‌മീരിൽ സജീവമായത്.

ഭീകരാക്രമണത്തിൽ മരിച്ചവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശിയായ 68 വയസ്സുള്ള രാമചന്ദ്രനുമുണ്ട്. കുടുംബത്തോടൊപ്പം ഇന്നലെയാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് പോയത്. മറ്റു കുടുംബാം​ഗങ്ങൾ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. ഹൈദരാബാദ് സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ മനീഷ് രഞ്ജനും, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളും ഭീകരാക്രമണത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. കൊച്ചിയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു ഹരിയാന സ്വദേശിയായ വിനയ് നർവാൾ. വിനയുടെ കല്യാണം ഏപ്രിൽ 16നാണ് കഴിഞ്ഞതെന്നാണ് വിവരം. ഹൈദരാബാദിൽ നിന്നുള്ള ഐബി ഉദ്യോഗസ്ഥൻ മനീഷ് രഞ്ജൻ, കർണാടകയിൽ നിന്ന് കുടുംബത്തോടൊപ്പം കശ്മീരിലെത്തിയ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവു, ഒഡിഷയിൽ നിന്ന് കുടുംബത്തോടൊപ്പം എത്തിയ പ്രശാന്ത് സത്‌പതി, കർണാടക ഹാവേരി റാണെബെന്നൂർ സ്വദേശി ഭരത് ഭൂഷൻ എന്നിവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതിന് പുറമെ രണ്ട് വിദേശികളും നാട്ടുകാരായ രണ്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ ഒരു നേപ്പാൾ സ്വദേശിയുണ്ടെന്നും വിവരമുണ്ട്. ഒടുവിൽ കിട്ടുന്ന റിപോർട്ടുകൾ പ്രകാരം 26 പേര് മരിച്ചുവെന്നാണ് വിവരം.

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാരികൾക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി എമർജൻസി കണ്‍ട്രോൾ റൂമുകൾ തുറന്നു. ശ്രീനഗറിലും അനന്ത്നാഗിലുമാണ് കണ്‍ട്രോൾ റൂമുകൾ തുറന്നത്. എമർജൻസി കൺട്രോൾ റൂം – ശ്രീനഗർ: 0194-2457543, 0194-2483651; ആദിൽ ഫരീദ്, എഡിസി ശ്രീനഗർ – 7006058623. അനന്ത്നാഗ് പൊലീസ് കണ്‍ട്രോൾ റൂം ടൂറിസ്റ്റുകൾക്കായി എമർജൻസി ഹെൽപ്പ് ഡസ്ക് തുടങ്ങി. ഫോണ്‍ നമ്പർ- 9596777669, 01932225870; വാട്സ്ആപ്പ്- 9419051940

‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന കശ്മീർ താഴ്‌വരയിലാണ് പഹൽഗാം. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഭീകരാക്രമണം നടന്ന ഈ മേഖല. തലസ്ഥാന നഗരമായ ശ്രീനഗറിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് പഹൽഗാം.

സൗദിയിലെത്തിയ മോദിക്ക് വൻ സ്വീകരണം
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജിദ്ദയിലെത്തിയത്. സൗദിയിലെത്തിയ മോദിക്ക് വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്. പ്രധാനമന്ത്രിയുടെ എ-1 വിമാനത്തിന് ആകാശത്ത് സൗദി റോയൽ എയ‍ർഫോഴ്‌സിൻ്റെ അസാധാരണ സ്വീകരണം നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടിയായി സൗദി റോയൽ എയർഫോഴ്‌സിൻ്റെ മൂന്ന് വിമാനങ്ങൾ പറന്നു. നരേന്ദ്രമോദി യാത്ര ചെയ്ത വിമാനം സൗദിയുടെ എയർസ്പെയ്സിൽ കടന്നതോടെയാണ് F15 ഫൈറ്റർ ജെറ്റ്സ് അകമ്പടി സേവിച്ചത്. ഒരു രാഷ്‌ട്രതലവന് ലഭിക്കുന്ന അപൂർവം ആദരവാണിതെന്ന് നയന്ത്ര വി​ദ​ഗ്ധർ വ്യക്തമാക്കുന്നത്.

മോദിയുടെ വിമാനത്തിന് അകമ്പടിയായി സൗദി റോയല്‍ എയര്‍ഫോഴ്സ് വിമാനങ്ങള്‍ പറക്കുന്നതിന്‍റെ വീഡിയോ വിദേശകാര്യ മന്ത്രാലയ വക്താവ് റൺധീര്‍ ജയ്സ്വാള്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. ജിദ്ദയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് സൗദി ഒരുക്കിയത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സൗദി സന്ദർശനം. നാലുപതിൻ്റാണ്ടിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജിദ്ദ സന്ദർശിക്കുന്നത്.

കശ്മീർ ഭീകരാക്രമണം: മരണം 26 ആയി, കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും

Top Selling AD Space

You may also like

error: Content is protected !!