ന്യൂഡൽഹി: വഖഫ് ഹര്‍ജികളില്‍ ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി. പുതിയ വഖഫ് ഭേദഗതി നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്ന് പറഞ്ഞ സുപ്രീം കോടതി വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണമെന്നും ഡീനോട്ടിഫൈ ചെയ്യരുതെന്നും നിർദേശിച്ചു. വിശദമായ മറുപടി നൽകാൻ കേന്ദ്രസർക്കാരിന് ഒരാഴ്ചത്തെ സമയം സുപ്രീം കോടതി അനുവദിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെ വഖഫ് ബോർഡുകളിൽ നിയമനം നടത്തരുതെന്നും കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മേയ് 5-ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.
വഖഫ് ഭൂമി സംബന്ധിച്ച് 100 ലധികം ഹർജികൾ സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്. എല്ലാത്തിലും വാദം പറ്റില്ലെന്ന് അറിയിച്ച കോടതി, അഞ്ച് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് അറിയിച്ചു. വിശദവാദത്തിന് നോഡൽ കൗൺസിലർമാരെ നിയോഗിക്കും. നിയമ ഭേദഗതിയിൽ വിശദവാദം തുടരും. നിലവിൽ കോടതി തീരുമാനമാകുന്നത് വരെ ഡീനോട്ടിഫിക്കേഷൻ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. ഒട്ടേറെ ഹർജികൾ വരുന്നതിനാലും സാങ്കേതിക പ്രശ്‌നങ്ങൾ ഒഴിവാക്കാനും ഹർജിക്കാർക്ക് കേസിൽ പൊതുഅഭിഭാഷകരെ നിയോഗിക്കാമെന്നും കോടതി നിർദേശിച്ചു.
അതേസമയം, സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെ മുസ്‌ലീം ലീഗ് സ്വാഗതം ചെയ്തു. “ഇതുവരെ കണ്ടതിൽ വച്ച് സുപ്രീം കോടതിയുടത് നല്ല വിധിയാണ്. സുപ്രീംകോടതി എല്ലാ വശങ്ങളും കേൾക്കണം. ഒരാഴ്ചത്തേക്ക് തടഞ്ഞത് പ്രത്യാശ നൽകുന്ന കാര്യമാണ്.” എന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.