Wednesday, April 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » മ്യാൻമറിനെ നടുക്കിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1600 കടന്നു; ഓപ്പറേഷൻ ബ്രഹ്മയുമായി ഇന്ത്യ.
മ്യാൻമറിനെ നടുക്കിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1600 കടന്നു; ഓപ്പറേഷൻ ബ്രഹ്മയുമായി ഇന്ത്യ.

മ്യാൻമറിനെ നടുക്കിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1600 കടന്നു; ഓപ്പറേഷൻ ബ്രഹ്മയുമായി ഇന്ത്യ.

by Editor
Mind Solutions

മ്യാൻമറിനെ നടുക്കിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1600 കടന്നു. തകർന്നടിഞ്ഞ മാൻഡലെ നഗരത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. ഇതുവരെ 1664 മരണം ആണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 3400 പേർക്കു പരുക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാമെന്നും സൈനിക ഭരണകൂടം വ്യക്തമാക്കി. ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലുള്ള മ്യാൻമറിൽ രക്ഷാദൗത്യവും ദുഷ്കരമാണ്. സ്ഥലങ്ങളിലും ഗതാഗത, വൈദ്യുത, ഇന്റർനെറ്റ് സംവിധാനങ്ങൾ തകരാറിലായി. രാജ്യാന്തര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവറടക്കം തകർന്നു. തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലും ഭൂകമ്പം കനത്ത ആഘാതം ആണ് ഏൽപിച്ചിരിക്കുന്നത്.

മ്യാൻമറിനെ തകർത്തെറിഞ്ഞ ഇരട്ടഭൂകമ്പത്തിന് പിന്നാലെ രണ്ടാം ദിനം വീണ്ടും ഭൂമി കുലുങ്ങി. തലസ്ഥാന ന​ഗരമായ നൈപിദൗ (Naypyidaw) ലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഉച്ചയ്‌ക്ക് 2.50ഓടെയാണ് സംഭവം. നൈപിദൗവിൽ പത്ത് കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ആദ്യദിനമുണ്ടായ ഭൂകമ്പത്തിൽ ഇവിടെ ശക്തമായ പ്രകമ്പനമുണ്ടായിരുന്നു. ആദ്യദിനം മ്യാൻമറിലെ മണ്ഡലായ് (Mandalay) ന​ഗരത്തിൽ 7.7 തീവ്രതയിലും 11 മിനിറ്റിന് ശേഷം 6.4 തീവ്രതയിലും ഭൂമി കുലുങ്ങിയിരുന്നു. നിരവധി തുടർചലനങ്ങളുമുണ്ടായി. 1.5 ദശലക്ഷം പേർ താമസിക്കുന്ന ന​ഗരമാണ് ആദ്യദിനം ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായത്.

ഭൂകമ്പം തകർത്ത മ്യാൻമറിനെ സഹായിക്കാനുള്ള ദൗത്യത്തിന് ഓപ്പറേഷൻ ബ്രഹ്മ എന്ന പേര് നൽകി കേന്ദ്ര സർക്കാർ. സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകി. 80 അംഗ എൻഡിആർഎഫ് സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കൽ സംഘത്തെയും ഇന്ത്യ മ്യാൻമറിലേക്കയച്ചു. മ്യാൻമറിലെ 16,000 ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 5 വിമാനങ്ങളിലായി ഇതുവരെ 15 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് മ്യാൻമറിലെത്തിച്ചത്. എൺപതംഗ എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും. ആഗ്രയിൽ നിന്ന് കരസേനയുടെ ഫീൽഡ് ആശുപത്രി സംഘവും മ്യാൻമറിലെത്തും. ആറ് വനിത ഡോക്ടർമാരും സംഘത്തിലുണ്ട്. ആംബുലൻസുകളും ശസ്ത്രക്രിയയ്ക്കും എക്സ്റേക്കും ഉള്ള സൗകര്യങ്ങളും കരസേന എത്തിക്കും. നാല് നാവികസേന കപ്പലുകളും മ്യാൻമറിലേക്ക് തിരിച്ചു. 50 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഈ കപ്പലുകളിൽ കൊണ്ടു പോകുന്നുണ്ട്. ആവശ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തെന്ന് സേന ഉദ്യോഗസ്ഥരുടെ സാന്നിധ്യതതിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ബാങ്കോക്കിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കായി പ്രധാനമന്ത്രി പോകുന്നതിൽ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Top Selling AD Space

You may also like

error: Content is protected !!