കുവൈറ്റ് സിറ്റി: രാജ്യത്ത് വ്യാപകമായി പെരുകുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി കുവൈറ്റ് അമീറും സായുധ സേനയുടെ സുപ്രീം കമാൻഡറുമായ ശെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്. ആഭ്യന്തര മന്ത്രാലയം ആസ്ഥാനം സന്ദർശിച്ചതിന് ശേഷം ഉദ്യോഗസ്ഥരോട് സംസാരിക്കവെയാണ് അദ്ദേഹം ശക്തമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയത്.
മയക്കുമരുന്ന് വ്യാപനത്തിനെതിരെ മുഖം നോക്കാതെയുള്ള നടപടികൾ സ്വീകരിക്കണമെന്നും, അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനും ആഭ്യന്തര ശാന്തിയും സ്ഥിരതയും സംരക്ഷിക്കുന്നതിനും ജാഗ്രത പുലർത്തണമെന്നും അമീർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. യുവാക്കളുടെയും കുടുംബങ്ങളുടെയും ഭാവി സംരക്ഷിക്കുന്നതിന് മയക്കുമരുന്ന് മാഫിയയെയും അതുമായി ബന്ധപ്പെട്ട എല്ലാ ശൃംഖലകളെയും ശക്തമായി നേരിടണം.
സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും പരിശീലനം മെച്ചപ്പെടുത്താനും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുവാനും അമീർ നിർദേശിച്ചു. എല്ലാ കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിലൂടെയും നീതി-സമത്വം ഉറപ്പാക്കുന്നതിലൂടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക് നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പിലാക്കിയും റോഡുകളുടെ സുരക്ഷ വർദ്ധിപ്പിച്ചും അപകടങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അമീർ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പുരോഗതിക്കും സമൃദ്ധിക്കും അടിസ്ഥാനമായിരിക്കുന്ന സുരക്ഷ ഉറപ്പാക്കുന്നതിൽ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് അമീർ കൂട്ടിച്ചേർത്തു. സുരക്ഷാ മേഖലകളിൽ കുവൈറ്റ് വനിതകൾ കാഴ്ചവച്ച സേവനം ഏറെ പ്രശംസനീയമാണെന്നും അവരുടെ കഴിവ് തെളിയിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സായുധ സേനയ്ക്ക് ഏറ്റവും ആധുനിക ഉപകരണങ്ങൾ നൽകുമെന്നും മന്ത്രാലയത്തിനും അതിന്റെ ഉദ്യോഗസ്ഥർക്കും പിന്തുണ നൽകുമെന്നും അമീർ ഉറപ്പ് നൽകി.
കുവൈറ്റ് കിരീടാവകാശി ശെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, ആക്ടിങ് പ്രധാനമന്ത്രി ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് എന്നിവരും അമീറിനൊപ്പം പങ്കെടുത്തു. പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സലാം അൽ സബാഹ്, ആഭ്യന്തര അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ശെയ്ഖ് സലീം നവാഫ് അൽ അഹ്മദ് അൽ സബാഹ് എന്നിവർ മന്ത്രാലയ ആസ്ഥാനത്ത് അമീറിനെ സ്വീകരിച്ചു.