Friday, April 18, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » സഞ്ജുവിന് ആശ്വാസം, അഞ്ചാം ടി-20-ക്ക് ശേഷം അക്കാര്യം തുറന്ന് പറഞ്ഞ് ഗംഭീർ; ടീം മാനേജ്മെന്റിന്റെ നിലപാട് ഇങ്ങനെ
മലയാളി താരം സഞ്ജു

സഞ്ജുവിന് ആശ്വാസം, അഞ്ചാം ടി-20-ക്ക് ശേഷം അക്കാര്യം തുറന്ന് പറഞ്ഞ് ഗംഭീർ; ടീം മാനേജ്മെന്റിന്റെ നിലപാട് ഇങ്ങനെ

by Editor
Mind Solutions

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ടി-20 പരമ്പര ഇന്ത്യയുടെ ആധികാരിക ജയത്തോടെ അവസാനിച്ചു. മുംബൈയിൽ നടന്ന അവസാന കളിയിൽ 150 റൺസിന്റെ ഗംഭീര ജയം നേടി പരമ്പര 4-1 ന് സ്വന്തമാക്കിയിരിക്കുകയാണ് ആതിഥേയർ. ബാറ്റിങ്ങിലും ബൗളിങ്ങിലും ആധികാരിക പ്രകടനം കാഴ്ച വെച്ചാണ് ഇന്ത്യയുടെ ഗംഭീര വിജയം. അഭിഷേക് ശർമയുടെ മാസ്മരിക പ്രകടനമായിരുന്നു അവസാന കളിയിലെ പ്രത്യേകത.

അതേ സമയം മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ അവസാന ടി-20 യിലും നിരാശപ്പെടുത്തുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. ജോഫ്ര ആർച്ചർ എറിഞ്ഞ ആദ്യ ഓവറിൽ രണ്ട് സിക്സറുകൾ അടിച്ചു തുടങ്ങിയ സഞ്ജു പക്ഷേ ഏഴ് പന്തിൽ 16 റൺസുമായി പുറത്തായി. പരമ്പരയിലെ അഞ്ച് കളികളിലും സഞ്ജുവിന് മികച്ച സ്കോർ നേടാനായില്ല എന്നതാണ് ശ്രദ്ധേയം.

അഞ്ചാം ടി20 യിലും ഫ്ലോപ്പായതോടെ സഞ്ജുവിന്റെ ടി20 കരിയർ തന്നെ ഭീഷണിയിലാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ മത്സരശേഷം സംസാരിക്കവെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞ കാര്യങ്ങളിൽ നിന്ന് സഞ്ജു ഉൾപ്പെടെയുള്ള കളിക്കാർക്ക് ഇനിയും മാനേജ്മെന്റിന്റെ ബാക്കപ്പ് ലഭിക്കുമെന്ന് വ്യക്തം. കളിക്കാർ മോശം ഫോമിലൂടെ കടന്നു പോകുന്ന സമയം വരുമെന്നും അവിടെ മാനേജ്മെന്റ് അവരെ പിന്തുണക്കേണ്ടതുണ്ടെന്നുമാണ് പരമ്പര ജയത്തിന് ശേഷം ഗംഭീർ പറഞ്ഞത്‌.

നിർഭയരായി കളിക്കുന്ന കളിക്കാരെ പിന്തുണക്കേണ്ടത് വളരെയധികം പ്രധാനമാണെന്നും ഗംഭീർ ചൂണ്ടിക്കാട്ടി. അഭിഷേക് ശർമയുടെ കിടിലൻ ഇന്നിങ്സിനെ പരമാർശിച്ചു കൊണ്ടാണ് ഗംഭീർ ഇക്കാര്യം സൂചിപ്പിച്ചതെങ്കിലും സഞ്ജുവിനെപ്പോലെ ഭയമില്ലാതെ കളിക്കുന്ന ഓരോ ഇന്ത്യൻ താരത്തിനുമുള്ള പിന്തുണയായി ഇതിനെ കണക്കാക്കാം.

” കളിക്കാർ വിക്കറ്റുകൾ വലിച്ചെറിയുന്ന സമയങ്ങളുണ്ടാകും. തുടർച്ചയായി മോശം പ്രകടനങ്ങളിലൂടെ കടന്നു പോയേക്കും, അവിടെയാണ് മാനേജ്മെന്റ് കടന്നുവരുന്നത്. ഞങ്ങൾ അവരെ പിന്തുണക്കേണ്ടതുണ്ട്. നിർഭയരായിരിക്കുക, അതാണ് നമ്മുടെ ടീമിന്റെ മന്ത്രം.” ഗൗതം ഗംഭീർ പറഞ്ഞു.

ഇംഗ്ലണ്ടിന് എതിരായ പരമ്പരയിൽ ദയനീയ ഫോമിലായിരുന്ന സഞ്ജുവിന് ഇനിയും ടീമിന്റെ പിന്തുണ ലഭിക്കുമെന്ന സൂചനകളാണ് ഗംഭീറിന്റെ വാക്കുകളിൽ നിന്ന് ലഭിക്കുന്നത്. നേരത്തെ പരമ്പരയിൽ തുടർച്ചയായി ഒരേ തവണ പുറത്തായതിന്റെ പേരിൽ സഞ്ജുവിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര അടക്കമുള്ളവർ സഞ്ജുവിന്റെ മോശം ഫോമിനെതിരെ ആഞ്ഞടിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാൽ ഈ പരമ്പരയിൽ ഫ്ലോപ്പായതിന്റെ പേരിൽ സഞ്ജുവിന് ഇന്ത്യയുടെ ടി20 ടീമിൽ നിന്ന് സ്ഥാനം നഷ്ടമായേക്കില്ല.

ഇംഗ്ലണ്ടിന് എതിരായ ടി20 പരമ്പരയിലെ അഞ്ച് കളികളിൽ നിന്ന് ആകെ 51 റൺസ് മാത്രമാണ് സഞ്ജു സാംസണ് നേടാനായത്. 10.20 ആണ് പരമ്പരയിൽ താരത്തിന്റെ ബാറ്റിങ് ശരാശരി. ഈ പരമ്പരയിൽ മൂന്ന് കളികളിലാണ് സഞ്ജു ഒറ്റയക്കത്തിൽ പുറത്തായത്. കൊൽക്കത്തയിൽ നടന്ന ആദ്യ ടി20 യിൽ നേടിയ 26 റ‌ൺസാണ് ഈ പരമ്പരയിൽ സഞ്ജുവിന്റെ ഉയർന്ന സ്കോർ.

നേരത്തെ ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി എത്തിയതിന് ശേഷമാണ് ദേശീയ ടീമിൽ സഞ്ജു സാംസണിന് പ്രാധാന്യം ലഭിച്ചു തുടങ്ങിയത്. സഞ്ജുവിനെ ടി20 ടീമിന്റെ ഓപ്പണറാക്കാൻ ചുക്കാൻ പിടിച്ചതും ഗംഭീർ തന്നെ. കഴിഞ്ഞ വർഷം ബംഗ്ലാദേശിന് എതിരായ പരമ്പരയിലാണ് സഞ്ജു ഇന്ത്യയുടെ സ്ഥിരം ഓപ്പണറായി കളിച്ചു തുടങ്ങിയത്. ഈ പരമ്പരയിലെ മൂന്നാം മത്സരത്തിൽ സെഞ്ചുറി നേടിയ സഞ്ജു പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രണ്ട് സെഞ്ചുറികൾ നേടി ഞെട്ടിച്ചു.

ഇതോടെ ഒരു കലണ്ടർ വർഷം അന്താരാഷ്ട്ര ടി20 യിൽ മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ താരമായും സഞ്ജു മാറിയിരുന്നു. അത്തരത്തിൽ മിന്നും ഫോമിലായിരുന്ന സഞ്ജു പക്ഷേ ഈ വർഷത്തെ ആദ്യ പരമ്പരയിൽ വൻ ഫ്ലോപ്പായി. എന്നാൽ മോശം ഫോമിലുള്ള താരങ്ങളെ പിന്തുണക്കുന്ന ഇപ്പോളത്തെ ടീം മാനേജ്മെന്റിന് കീഴിൽ സഞ്ജുവിന് ഇനിയും ടി20 ടീമിൽ അവസരങ്ങൾ ലഭിക്കുമെന്ന കാര്യം ഉറപ്പ്.

Top Selling AD Space

You may also like

error: Content is protected !!