അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ജേതാക്കളായി ഇന്ത്യ. ക്വാലാലംപൂരിലെ ബയുമാസ് ഓവലിൽ നടന്ന ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് തുടർച്ചയായ രണ്ടാംതവണയും കപ്പടിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 83 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. ഇന്ത്യക്ക് വേണ്ടി ഒന്നാം വിക്കറ്റില്‍ 36 റണ്‍സ് ചേര്‍ത്ത ശേഷം കമാലിനി (8) ആദ്യം മടങ്ങി. ഗൊങ്കടി തൃഷ (44), സനിക ചാല്‍കെ (26) പുറത്താവാതെ നിന്നു അനായാസം ടീമിനെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ മൂന്ന് വിക്കറ്റ് നേടിയ തൃഷ തന്നെയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നാല് ഓവറില്‍ 15 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ, പരുണിക സിസോദിയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ 10 റണ്‍സ് മാത്രമാണ് ആയുഷി വിട്ടുകൊടുത്തത്.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യയുടെ ബൗളിംഗ് നിര 82 റൺസിന് എറിഞ്ഞുവീഴ്‌ത്തി. പവർപ്ലേ തീരുന്നതിന് മുൻപുതന്നെ ദക്ഷിണാഫ്രിക്കയ്‌ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. 16 റൺസെടുത്ത ജെമ്മ ബൊത്തെ, 23 റൺസെടുത്ത മീകെ വാൻ വൂസ്റ്റ് എന്നിവരാണ് സ്കോർ 80 കടത്തിയത്. തൃഷ 15 റൺസിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ പരുണിക സിസോദിയ, വൈഷ്ണവി, ആയുഷി ശുക്ല എന്നിവർ രണ്ട് വിക്കറ്റ് വീതവും ഷബ്നം ഷക്കിൽ ഒരു വിക്കറ്റും നേടി.
ടൂർണമെന്റിൽ തോൽവിയറിയാതെയാണ് ഇന്ത്യ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. ടൂർണമെന്റിൽ ഇന്ത്യക്കായി ആറുവിക്കറ്റുകൾ നേടിയ വിജെ ജോഷിതയും ലോകകപ്പ് ടീമിലെ മലയാളി സാന്നിധ്യമായി.