ഹൈദരാബാദ് ∙ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ 6 മരണം. വൈകുണ്ഠ ഏകാദശി ദർശന കൂപ്പൺ വിതരണത്തിനിടെയാണ് അപകടം. കൂപ്പൺ വിതരണ കൗണ്ടറിലേക്ക് ആളുകൾ തള്ളിക്കയറുകയായിരുന്നു. മരിച്ചവരിൽ മൂന്നു പേര്‍ സ്ത്രീകളാണ്. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ മുതലാണ് വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനായുള്ള കൂപ്പണ്‍ വിതരണം ആരംഭിക്കുന്നത്. ഇതിനുള്ള കൂപ്പണ്‍ നൽകുന്നതിനായി തിരുപ്പതിയിൽ 90 കൗണ്ടറുകളാണ് സജ്ജമാക്കിയിരുന്നത്. സ്ഥലത്ത് പൊലീസിനെയും സജ്ജമാക്കിയിരുന്നു. എന്നാൽ, ഇന്നലെ രാത്രിയോടെ തന്നെ ആയിരകണക്കിന് പേര്‍ കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലെത്തിയിരുന്നു. കൂപ്പണ്‍ വാങ്ങുന്നതിനായി രാത്രി തന്നെ ആയിരണങ്ങള്‍ വന്ന് ക്യൂ നിൽക്കാറുണ്ട്. ഇത്തരത്തിൽ കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നലേ ക്യൂവിലേക്ക് ആളുകളെ കടത്തിവിടുന്നതിനിടെയാണ് തിരക്കുണ്ടായതും അപകടമുണ്ടായതും. താഴെ വീണ ആളുകള്‍ക്ക് മുകളിലുടെ മറ്റു ആളുകള്‍ പരിഭ്രാന്തരായി ഓടിയതോടെ അപകടത്തിന്‍റെ വ്യാപ്തി കൂടി.
ഭവത്തെ തുടര്‍ന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതി തിരുമല ദേവസ്ഥാനം അധികൃതരുമായി സംസാരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥലത്തേക്ക് കൂടുതൽ പൊലീസുകാരെ എത്തിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും നിര്‍ദേശം നൽകി. രാത്രി തന്നെ ചന്ദ്രബാബു നായിഡു അടിയന്തര യോഗം ചേര്‍ന്നു. ഇത്രയധികം തിരക്ക് ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് സുരക്ഷ ഒരുക്കാത്തത് എന്താണെന്ന് കളക്ടറോടും എസ്പിയോടും മുഖ്യമന്ത്രി ആരാഞ്ഞു. ജനുവരി പത്തിനാണ് വൈകുണ്ഠ ഏകാദശി ദര്‍ശനം. വൈകുണ്ഠ ദ്വാര ദര്‍ശനത്തിനായാണ് കൂപ്പണ്‍ വിതരണം ചെയ്യുന്നത്. അപകടത്തിൽ മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റുമായ വൈ എസ് ജഗൻ മോഹൻ റെഡ്ഡി ഞെട്ടൽ രേഖപ്പെടുത്തി. ദുരന്തത്തിൽ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയാണെന്നും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ സര്‍ക്കാര്‍ ഇടപെടണമെന്നും ജഗൻ മോഹൻ റെഡ്ഡി ആവശ്യപ്പെട്ടു.