മഹാനവമിയിലെ അടച്ചുപൂജയില്‍ നിന്ന് ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്കു തുറക്കുന്ന ദിവസമാണ് വിജയദശമി. വാദ്യ-നൃത്ത സംഗീത കലാപഠനത്തിനു തുടക്കം കുറിക്കാനും വിജയദശമി ഉത്തമമാണ്. നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിൽ പ്രഭാതത്തിൽ ആണ് വിദ്യാരംഭം നടത്താറുള്ളത്. കുട്ടികൾക്ക് രണ്ടരയ്ക്കും മൂന്നര വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്. ക്ഷേത്രങ്ങളിൽ വിദ്യാരംഭം നടത്തുന്നത് ഈ ദിവസമാണ്, വിശേഷിച്ചു ഭഗവതി ക്ഷേത്രങ്ങളിൽ ഈ ചടങ്ങ് ഏറ്റവും പ്രധാനമാണ്.
വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് വിദ്യാദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു. കുട്ടിയെ മടിയിൽ ഇരുത്തിയശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ “ഹരിശ്രീ” എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അതിനുശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ “ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ” എന്ന് എഴുതിക്കുന്നു. ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയും സൂചിപ്പിക്കുന്നു.
ദക്ഷിണ മൂകാംബിയെന്നു പ്രസിദ്ധമായ പനച്ചിക്കാട് സരസ്വതീ ക്ഷേത്രം, ദേവി സരസിജയായിരിക്കുന്ന പറവൂര്‍ ക്ഷേത്രം, ചോറ്റാനിക്കര, തൃശ്ശൂര്‍ ജില്ലയിലെ തിരുവുള്ളക്കാവ് എന്നിവിടങ്ങളില്‍ വിദ്യാരംഭത്തിന് അഭൂതപൂര്‍വമായ തിരക്കാകും ഉണ്ടാവുക. മഹാക്ഷേത്രമായ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ വിദ്യാരംഭം അതി പ്രസിദ്ധമാണ്. ധാരാളം മലയാളികളാണ് ഇതിൽ പങ്കെടുക്കുന്നത്. മൂകാംബികയിൽ വർഷം മുഴുവൻ വിദ്യാരംഭം നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിലെ ചെറുതും വലുതുമായ മിക്ക ക്ഷേത്രങ്ങളിലും ഈ ചടങ്ങ് നടത്താറുണ്ട്.
ഇന്ന് ലൈബ്രറികൾ, സ്കൂളുകൾ, മറ്റു സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലും വിദ്യാരംഭം നടക്കാറുണ്ട്. എല്ലാ മതവിഭാഗങ്ങളിൽപെട്ടവർക്കും അവരവരുടെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും അനുസരിച്ചു വിദ്യാരംഭം നടത്താം. വിജയദശമി ദിവസം ആദ്യാക്ഷരം കുറിക്കാൻ മുഹൂർത്തം നോക്കേണ്ട കാര്യമില്ല. സൂര്യോദയത്തിനു ശേഷം മധ്യാഹ്നത്തിനു മുൻപു വിദ്യാരംഭം കുറിക്കുന്നതാണു കൂടുതൽ നല്ലത്.
പരാശക്തി എന്നാല്‍ പരമമായ ഊര്‍ജ്ജം, ഊര്‍ജ്ജത്തിന്റെ ആദ്യ ഉറവിടം, ആദ്യം മുതല്‍ നിലനിന്നിരുന്ന പരമമായ ഊര്‍ജ്ജം. എല്ലാ ദേവതകളുടെയും ദേവന്മാരുടെയും പരമോന്നത മാതാവാണ് പരാശക്തി. ആ ആദിപരാശക്തിയെ കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള ഒന്‍പത് ദിവസങ്ങളിലായി വ്യത്യസ്ഥമായ ഒമ്പതു ഭാവങ്ങളില്‍ നവരാത്രിയായി ആചരിക്കുന്നു. നവരാത്രിയുടെ ആദ്യ മൂന്നു ദിനം പാർവതീ ദേവിക്കും അടുത്ത മൂന്നു ദിനം ലക്ഷ്മീദേവിക്കും അവസാന മൂന്നു ദിനം സരസ്വതീദേവിക്കും പ്രാധാന്യം നൽകിവരുന്നു. നവരാത്രിയുടെ അവസാന മൂന്ന് ദിവസങ്ങൾ ആണ് ഏറ്റവും വിശേഷം. ഇവ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നി പേരുകളിൽ അറിയപ്പെടുന്നു. ദേവീപൂജ നടത്തുന്നതിനും ദേവീപ്രീതി സിദ്ധിക്കുന്നതിനും ഏറ്റവും ഉത്തമമായ കാലമാണിത്. ഈ ഒൻപത് ദിവസങ്ങൾക്ക് ശേഷം വരുന്ന ദിവസമാണ് വിജയദശമി. അന്നേദിവസം ഏതൊരു കർമ്മം ചെയ്താലും വിജയം കൈവരിക്കുന്നത് കൊണ്ടാണ് വിജയദശമി എന്ന പേരുണ്ടായത്.
മതപരമായ ആചാരങ്ങൾക്ക് അപ്പുറത്തേക്ക് ഭാരതത്തിന്റെ സംസ്കാരത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഓരോ നവരാത്രി കാലവും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ വിധത്തിലാണ് നവരാത്രി ആഘോഷിക്കപ്പെടുന്നത്. ദസറ അല്ലെങ്കിൽ വിജയദശമി എന്നറിയപ്പെടുന്ന ഈ നാളുകൾ തിന്മയുടെ മേൽ നന്മ കൈവരിച്ച വിജയത്തിന്റെ ആഘോഷം കൂടിയാണ്. അന്ധകാരത്തിനും തിന്മയ്ക്കും മേൽ നീതിയും ധർമവും എപ്പോഴും ജയിക്കുമെന്ന കാലാതീതമായ സന്ദേശം കൂടിയാണ് ഓരോ നവരാത്രി കാലവും നമുക്കു നൽകുന്നത്. വിവിധ സമുദായങ്ങൾ ഒരുമയുടെയും ഐക്യത്തിന്റെയും ശക്തി ആഘോഷിക്കാൻ ഒരുമിച്ചു കൂടുന്ന സമയമാണ് ഓരോ ദസറക്കാലവും. അതുകൊണ്ടു തന്നെ വ്യത്യസ്തമായ വിധത്തിലാണ് ആഘോഷങ്ങളും.