വാഷിങ്ടൺ: ഇറാനും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലേക്ക് ആക്രമണം നടത്താനുള്ള ഇസ്രയേലിന്റെ നീക്കത്തെ ട്രംപ് വിമർശിച്ചു. ‘ഇസ്രയേൽ ആ ബോംബുകൾ ഇടരുത് അങ്ങനെ ചെയ്‌താൽ അത് വെടിനിർത്തൽ കരാർ ലംഘനമാകും. പൈലറ്റുമാരെ ഇപ്പോൾ തന്നെ തിരിച്ചു വിളിക്കൂ’ – ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് ആവശ്യപ്പെട്ടു. നെതർലാൻഡ്‌സിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ വാഷിങ്‌ടണിൽ നിന്ന് പുറപ്പെടാൻ ഒരുങ്ങുമ്പോഴായിരുന്നു ട്രംപിൻ്റെ പ്രതികരണം.
ആക്രമണം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നേരിട്ട് വിളിച്ച് നിർദേശിച്ചു. ഇതോടെ പിൻവാങ്ങുന്നതായി ഇസ്രയേൽ പ്രഖ്യാപിച്ചു. ട്രംപിന്റെ പ്രഖ്യാപനം വന്ന് ആറ് മണിക്കൂറിനു ശേഷമാണ് ഇസ്രയേൽ വെടിനിർത്തൽ സ്ഥിരീകരിച്ചത്. ജൂൺ 13-നാണ് ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രയേൽ ഏറ്റുമുട്ടലിന് തുടക്കമിട്ടത്. 12 നാൾ നീണ്ട ആക്രമണത്തിൽ ഇസ്രയേലിൽ 29 പേരും ഇറാനിൽ 450 പേരും കൊല്ലപ്പെട്ടു. ഇസ്രയേലിൽ 800 പേർക്കും ഇറാനിൽ മൂവായിരം പേർക്കും പരിക്കേറ്റു.
12 ദിവസം നീണ്ട യുദ്ധം അവസാനിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. ശത്രുവിന് കടുത്ത ശിക്ഷ നൽകിയെന്നും ഇറാനെ എതിർത്താൽ എന്താണ് സംഭവിക്കുകയെന്ന് ലോകരാജ്യങ്ങൾക്ക് മനസ്സിലായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎസുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇറാൻ തയാറാണെന്നും യുഎസുമായുള്ള ആശയവിനിമയം പുനഃരാരംഭിക്കുമെന്നും സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ഫോൺ സംഭാഷണത്തിൽ പെസെഷ്കിയാൻ അറിയിച്ചെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ഒരു ദിവസമാകുമ്പോഴാണ് ഇറാൻ്റെ പ്രസ്‌താവന.
ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇറാൻ ഔദ്യോഗിക പ്രതികരണം നടത്തിയിരുന്നില്ല. അതേസമയം വെടിനിറുത്തൽ കരാർ ലംഘിച്ച് ഇറാൻ മിസൈലുകൾ തൊടുത്തതിനെ തുടർന്നാണ് ടെഹ്റാൻ ആക്രമിക്കാൻ നിർദേശം നൽകിയതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇറാൻ വിക്ഷേപിച്ച മിസൈലുകൾ പ്രതിരോധിച്ചതായും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. എന്നാൽ ഇസ്രയേലിൻ്റെ ആരോപണം ഇറാൻ നിഷേധിച്ചു.
ഇസ്രയേലിന്റെ ആക്രമണം ഇറാന്റെ ആണവപദ്ധതിയെ വർഷങ്ങളോളം പിന്നോട്ടാക്കിയെന്ന് ഇസ്രയേൽ സൈനിക മേധാവി പറഞ്ഞു. ഇറാനെതിരായ സൈനിക നടപടികൾ ഇപ്പോൾ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചെന്നും അദ്ദേഹം അറിയിച്ചു. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിൽ ഇറാനിലെ ആണവ ശാസ്ത്രജ്ഞന്‍ മുഹമ്മദ് റെസ സിദ്ദിഖി സാബെര്‍ കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാർ നിലവിൽ വരുന്നതിനു മുൻപായിട്ടു നടന്ന ആക്രമണത്തിലായിരുന്നു മുഹമ്മദ് റെസ സിദ്ദിഖിക്ക് നേരെ ആക്രമണം ഉണ്ടായത്.
വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പശ്ചിമേഷ്യയിൽ ആശങ്ക വിതച്ച 12 ദിവസത്തെ ഇസ്രയേൽ-ഇറാൻ ഏറ്റുമുട്ടലിൽ ചൊവ്വാഴ്‌ച രാവിലെയാണ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപനം നടത്തിയത്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായും ദയവായി അത് ആരും ലംഘിക്കരുതെന്നും ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവ് വന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലുണ്ടായ ഭീതി ഒഴിയുകയാണ്. പൂർവസ്ഥിതിയിൽ സർവീസ് തുടങ്ങി എന്ന് ഒമാൻ എയർ അറിയിച്ചു. ചെറിയ വൈകലുകൾ മാത്രമാണ് നേരിടുന്നത്. യാത്രക്കാർക്ക് എല്ലാ പിന്തുണയും നൽകുന്നുവെന്നും ഒമാൻ എയർ അറിയിച്ചു. 12 ദിവസം നീണ്ട ഇസ്രയേൽ- ഇറാൻ സംഘർഷത്തിന് ശേഷം വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഇസ്രയേൽ വ്യോമ പാത തുറന്നു. ഇസ്രയേൽ എയർപോർട്ട് അതോറിറ്റിയാണ് വ്യോമപാത വീണ്ടും തുറന്നതായി വ്യക്തമാക്കിയത്.
ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ നിലവിൽ വന്നതോടെ ഇറാനിൽ നിന്നും ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്ന ഓപ്പറേഷൻ സിന്ധു ദൗത്യം തത്കാലം നിർത്തിവെച്ചെന്ന് ഇറാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.