ടെല്‍ അവീവ്: ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലിലെ യുഎസ് എംബസിക്കും നാശനഷ്ടം. ടെല്‍ അവീവിലെ യുഎസ് എംബസി കെട്ടിടത്തിനാണ് ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ചെറിയരീതിയിലുള്ള നാശനഷ്ടമുണ്ടായത്. യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കില്ല. എംബസി ബ്രാഞ്ചിന് സമീപത്ത് പതിച്ച മിസൈലുകളുടെ ആഘാതത്തിൽ ചെറിയ കേടുപാടുകൾ സംഭവിച്ചതായി ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി സ്ഥിരീകരിച്ചിട്ടുണ്ട്. ടെൽ അവീവിലെയും ജറുസലമിലെയും എംബസികൾ അടഞ്ഞുകിടക്കുമെന്നും അംബാസഡർ അറിയിച്ചു. ജൂൺ 13 -ന് മുതൽ ടെൽ അവീവ്, ഹൈഫ എന്നിവയുൾപ്പെടെയുള്ള ഇസ്രയേലി നഗരങ്ങളെ ലക്ഷ്യമിട്ട് കനത്ത മിസൈൽ ആക്രമണമാണ് ഇറാൻ നടത്തി കൊണ്ടിരിക്കുന്നത്. ഇന്നലെ മാത്രം 8 പേർ ഇസ്രയേലിൽ കൊല്ലപ്പെട്ടു. ഇതുവരെ 22 സാധാരണക്കാർ ആണ് ഇറാൻ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടത്.
ഇസ്രയേലില്‍ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുളള ഹൈഫ തുറമുഖത്തിനു നേരെയും ഇറാന്റെ മിസൈലാക്രമണം നടന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഹൈഫ തുറമുഖത്തെയും സമീപത്തെ എണ്ണ ശുദ്ധീകരണശാലകളെയും ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. തുറമുഖത്തിന്റെ കെമിക്കല്‍ ടെര്‍മിനലില്‍ മിസൈലിന്റെ ചീളുകള്‍ പതിച്ചെങ്കിലും തുറമുഖം സുരക്ഷിതമാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്നും ചരക്ക് നീക്കങ്ങള്‍ സുഖമമായി നടക്കുന്നുണ്ടെന്നും തുറമുഖവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഇസ്രയേലിലെ സാധാരണക്കാരെയും സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയതിന് ഇറാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് നെതന്യാഹു പറഞ്ഞു. അതേസമയം, ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയുടെ നിലപാടിനെ ഇറാന്‍ കുറ്റപ്പെടുത്തി. അമേരിക്ക ശത്രുതാപരമായ നിലപാട് തുടർന്നാൽ ഇറാന്റെ പ്രതികരണം കൂടുതല്‍ കടുത്തതായിരിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെഷേക്‌സിയാന്‍ പറഞ്ഞു.
ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ നടത്തിയ നാല് ദിവസത്തെ ആക്രമണങ്ങളിൽ ഇറാനിൽ മരണസംഖ്യ 224 ആയി. 1277 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് വിഭാഗ മേധാവിയായ മുഹമ്മദ് ഖസേമി ഉൾപ്പെടെ രണ്ട് ജനറൽമാർ കൂടി കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ ആക്രമണത്തെ ഭയന്നു ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി കുടുംബത്തോടൊപ്പം ബങ്കറിൽ അഭയം തേടിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഇസ്രയേലിനുനേർക്കു നടത്തിയ ആക്രമണത്തിൽ ടെഹ്റാൻ നിവാസികൾ ഉടൻതന്നെ വില നൽകേണ്ടിവരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി അറിയിച്ചു. ഇറാൻ്റെ ആണവ മേഖല തകർക്കുമെന്നും സൈനിക നടപടി തുടരുമെന്നും വ്യക്‌തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തി. ഞായറാഴ്ച് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആണവ ഭീഷണിയും ബാലിസ്‌റ്റിക് മിസൈൽ ഭീഷണിയും ഇല്ലാതാക്കുന്നതു വരെ പോരാട്ടം തുടരുമെന്നും നെതന്യാഹു പറഞ്ഞു. ഇറാനിലേത് ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടമാണെന്നും ലോകത്തിലെ ഏറ്റവും അപകടകരമായ ആയുധങ്ങൾ അവരുടെ കയ്യിൽ തുടരാൻ അനുവദിക്കരുതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതോടെ നിരവധിപേര്‍ ടെഹ്‌റാനില്‍നിന്ന് പലായനം ചെയ്യുകയാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാനിലെ വിവിധയിടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ജനങ്ങള്‍ നഗരം വിടാന്‍ ശ്രമിക്കുന്നതെന്നും നഗരത്തിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാനായി വാഹനങ്ങളുടെ നീണ്ടനിരയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ടെഹ്‌റാന്റെ വടക്കുള്ള ഉള്‍നാടന്‍ മേഖലകളിലേക്കാണ് മിക്കവരും പോകുന്നത്. ഇറാന്റെ ആയുധ നിര്‍മാണകേന്ദ്രങ്ങള്‍ക്ക് സമീപം താമസിക്കുന്നവരോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഒഴിഞ്ഞുപോയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.