കേരളത്തിൽ മൺസൂൺകാല ട്രോളിങ് നിരോധനം ഇന്ന് (തിങ്കൾ) അർധരാത്രിമുതൽ നിലവിൽവരും. 52 ദിവസത്തെ നിരോധനം ജൂലൈ 31-ന് രാത്രി 12-ന് അവസാനിക്കും. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ ജില്ലയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. ചെറുവള്ളങ്ങളിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത തൊഴിലാളികൾക്ക് ട്രോളിങ് നിരോധനസമയത്തും കടലിൽ പോകാം.
നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. നിരോധനകാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളമേ അനുവദിക്കൂ. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കും.
ട്രോളിങ് നിരോധനംമൂലം തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവൽക്കൃത മീൻപിടിത്ത യാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും പീലിങ് തൊഴിലാളികൾക്കും സൗജന്യ റേഷൻ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു.