തിരുവനന്തപുരം: കെപിസിസി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം. നാളെ രാവിലെ 10.30 മുതൽ കെപിസിസി ആസ്ഥാനത്ത് പൊതുദർശനം. സംസ്കാരം ഉച്ചയ്ക്ക് തൈക്കാട് ശാന്തി കവാടത്തിൽ.
മൂന്നു തവണ രാജ്യസഭാ എംപി, രണ്ടു തവണ നിയമസഭാംഗം, രണ്ടു തവണ കെപിസിസി പ്രസിഡൻ്റ് തുടങ്ങിയ പദവികൾ വഹിച്ച തെന്നല ബാലകൃഷ്ണപിള്ള കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ്. സൗമ്യനും മിതഭാഷിയും കളങ്കമേൽക്കാത്ത രാഷ്ട്രീയ ജിവിതത്തിനുടമയുമായ തെന്നല ഗ്രൂപ്പുകൾക്കതീതനായ കോൺഗ്രസുകാരനായാണ് അറിയപ്പെടുന്നത്.
ശൂരനാട് തെന്നല വീട്ടില്‍ എന്‍ ഗോവിന്ദപിള്ളയുടെയും ഈശ്വരിഅമ്മയുടെയും മകനായി 1931 മാര്‍ച്ച് 11-ന് ജനിച്ച തെന്നലയുടെ രാഷ്ട്രീയജീവിതം തുടങ്ങുന്നത് ശൂരനാട് വാര്‍ഡ് കമ്മിറ്റി പ്രസിഡന്റായാണ്. പിന്നീട് കുന്നത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായും പ്രവര്‍ത്തിക്കുകയും കൊല്ലം ഡിസിസിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. 2001-ൽ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ തെന്നല ബാലകൃഷ്ണപിള്ളയായിരുന്നു കെപിസിസി പ്രസിഡൻ്റ്. 1998 -ല്‍ സ്ഥാനമൊഴിഞ്ഞ വയലാര്‍ രവിയ്ക്ക് പകരമായാണ് തെന്നല ആദ്യമായി കെപിസിസി അധ്യക്ഷ പദവിയിലെത്തുന്നത്.
1962 മുതല്‍ കെപിസിസി അംഗമാണ്. 1977-ലും 1982-ലും അടൂരില്‍ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2004 -ലാണ് രണ്ടാമതായി കെപിസിസി അധ്യക്ഷപദവിയിലെത്തുന്നത്. കെ മുരളീധരൻ ആൻ്റണി മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് താൽക്കാലിക പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട പി പി തങ്കച്ചന് പകരക്കാരനായിട്ടായിരുന്നു തെന്നലയുടെ രണ്ടാമൂഴം. എന്നാൽ 2005-ൽ രമേശ് ചെന്നിത്തലയെ ഹൈക്കമാൻഡ് കെപിസിസി പ്രസിഡൻ്റായി നിയോഗിച്ചതോടെ തെന്നല പദവി ഒഴിയുകയായിരുന്നു. 1991 -ലും 1992 -ലും 2000 -ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഭാര്യ: സതീദേവി. മകൾ: നീത. മരുമകൻ: ഡോ.രാജേന്ദ്രൻ നായർ.
തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
സർവ്വാദരണീയനും മാന്യനുമായ രാഷ്ട്രീയ നേതാവിനെയാണ് ശ്രീ തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. നിരവധി പതിറ്റാണ്ടുകൾ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സാനിധ്യമായി ഉയർന്ന് നിന്ന വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു അദ്ദേഹം എന്ന് മുഖ്യമന്തി പിണറായി വിജയൻ പറഞ്ഞു.
വാർഡ് പ്രസിഡണ്ട് മുതൽ കെപിസിസി പ്രസിഡണ്ട് വരെയുള്ള ചുമതലകൾ നിർവഹിച്ച അദ്ദേഹം ആ പരിചയസമ്പത്ത് വാക്കിലും പ്രവൃത്തിയിലും കാത്തുസൂക്ഷിച്ചിരുന്നു. അധികാരവും, അധികാരമില്ലായ്മയും ഒരു പോലെയെന്ന് കണ്ട രാഷ്ട്രീയ ജീവിതത്തിനുടമായാണ്. സ്വന്തം പാർട്ടിയിലെ തർക്കങ്ങളിൽ എല്ലാ പക്ഷത്തിനും സ്വീകാര്യനായിരുന്ന നേതാവ് എന്നതാണ് തെന്നലയ്ക്ക് നൽകപ്പെട്ടിരുന്ന വിശേഷണം. വിഷയങ്ങളോട് അദ്ദേഹം കാണിച്ച പക്ഷപാതരഹിതവും വസ്തുനിഷ്ഠവുമായ നിലപാടാണ് അത്തരം ഒരു വിശേഷണത്തിന് അർഹനാക്കിയത്. നിയമസഭയിലും രാജ്യസഭയിലും ഏറെ വർഷങ്ങൾ അംഗമായിരുന്ന അദ്ദേഹം ഓരോ വിഷയത്തിലും സൂക്ഷ്മതയോടെയും അവധാനതയോടെയും ആണ് ഇടപെട്ടത്.
സഹകാരി എന്ന നിലയിൽ കേരളത്തിൻ്റെ സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിനും അദ്ദേഹത്തിൻ്റെ സംഭാവന ഗണ്യമാണ്. വ്യക്തി താൽപര്യങ്ങൾക്ക് അതീതമായി പൊതു താൽപര്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന സവിശേഷമായ ഒരു രാഷ്ട്രീയ പൈതൃകമാണ് അദ്ദേഹം ബാക്കി വെയ്ക്കുന്നത്. സൗമ്യവും ശുദ്ധവും തെളിമയുറ്റതുമായ രാഷ്ട്രീയ ജീവിതമാണ് അദ്ദേഹം നയിച്ചത്. ശ്രീ തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു എന്ന് മുഖ്യമന്തി പറഞ്ഞു.