തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചെന്ന കാരണത്താൽ രാജ്ഭവനിൽ നടന്ന പരിപാടി ബഹിഷ്കരിച്ച് കൃഷിമന്ത്രി പി പ്രസാദ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന പരിപാടിയിൽ നിന്നാണ് പി പ്രസാദ് വിട്ടുനിന്നത്. പരിപാടി നടക്കുന്ന വേദിയിലെ കാവിക്കൊടിയേന്തി നിൽക്കുന്ന ഭാരതാംബയുടെ ചിത്രമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അതിന് തയ്യാറായില്ല. തുടർന്ന് കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിക്കുകയായിരുന്നു.
പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്നലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ രാജ്ഭവനിൽ എത്തിയപ്പോഴാണ് സെൻട്രൽ ഹാളിന്റെ വേദിയിൽ ഭാരതാംബയുടെ ചിത്രം വച്ചിരിക്കുന്നത് കണ്ടത്. സർക്കാർ പരിപാടിയിൽ ഇത്തരത്തിൽ ചിത്രം വയ്ക്കുന്നതു ശരിയല്ലെന്ന് കൃഷിവകുപ്പ് പിന്നീട് രാജ്‌ഭവനെ അറിയിച്ചു. എന്നാൽ ചിത്രം മാറ്റാൻ കഴിയില്ലെന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചത്. ഇതോടെ പരിപാടി ഉപേക്ഷിക്കുന്നതായി സർക്കാർ വ്യക്തമാക്കി. പിന്നീട് സ്വന്തം നിലയ്ക്കു പരിപാടി നടത്താൻ രാജ്ഭവൻ തീരുമാനിക്കുകയായിരുന്നു. രാജ്ഭവനിലെ പരിപാടിയില്‍നിന്നു കൃഷിമന്ത്രി ഒഴിവായതോടെ സെക്രട്ടേറിയറ്റ് അങ്കണത്തിലേക്ക് സര്‍ക്കാര്‍ പരിപാടി മാറ്റി.