ന്യൂഡൽഹി: ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ആക്രമണം നേരിടാൻ ജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണം. ചില സംസ്ഥാനങ്ങൾക്ക് വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. ഒഴിപ്പിക്കൽ നടപടികൾക്കായി റിഹേഴ്സലും നടത്തും. ഇതിന്റെ ഭാഗമായി മേയ് 7 ബുധനാഴ്ച മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 1971-ൽ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിനു മുമ്പ് ഇത്തരം കാര്യങ്ങൾ നടത്തിയിരുന്നു. അടിയന്തര ബ്ലാക്ക്ഔട്ട് സംവിധാനങ്ങൾ ഒരുക്കൽ, ഒഴിപ്പിക്കലിനുള്ള പരിശീലനം എന്നിവയ്ക്കൊപ്പം പ്രധാന കെട്ടിടങ്ങളുടെയും പ്ലാൻ്റുകളുടെയും പദ്ധതികളുടെയും സംരക്ഷണത്തിനായി സ്വീകരിക്കേണ്ട നടപടികളും തയ്യാറാക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം.
അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുകയും ഇന്ത്യ ശക്തമായ തിരിച്ചടി നൽകുകയുമാണ്. ഇന്ത്യയുടെ തിരിച്ചടി ഭയക്കുന്ന പാക്കിസ്ഥാൻ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. 120 കിലോ മീറ്റർ ദൂരപരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്. ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ ഇന്ത്യയുടെ തിരിച്ചടി നീക്കം തടയുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘങ്ങളെ അയക്കാനും പാക്കിസ്ഥാൻ നീക്കം തുടങ്ങിയിട്ടുണ്ട്. അതിർത്തിയിൽ സംഘർഷം അതി രൂക്ഷമാകുന്നതിനിടെ ചൈനീസ് അംബാസഡർ പാക്കിസ്ഥാൻ പ്രസിഡന്റിനെ കണ്ടു. പഹൽഗാം ഭീകരാക്രമണത്തിലടക്കം പാക്കിസ്ഥാന് അനുകൂല നിലപാടുകളാണ് ചൈന നേരത്തെ സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തിൽ സന്ദർശനം സുപ്രധാനമെന്നാണ് വിലയിരുത്തൽ.
അതേസമയം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് പൂർണ്ണ പിന്തുണയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രണത്തിന് മുന്നിലും പിന്നിലും പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പുടിൻ ആവശ്യപ്പെട്ടു. ഭീകരാക്രമണത്തെ അപലിച്ച അദ്ദേഹം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. പുടിന്റെ വാക്കുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. ഒപ്പം ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി പുടിനെ ക്ഷണിക്കുകയും ചെയ്തു.
അതിനിടെ പടിഞ്ഞാറൻ മേഖലയിലെ എയർ ബേസുകളിൽ ഓപ്പറേഷൻ റെഡിനെസ് പ്ലാറ്റ്ഫോമുകളുടെ എണ്ണം ഇന്ത്യൻ വ്യോമസേന വർധിപ്പിച്ചു. ഇതോടെ എപ്പോൾ വേണമെങ്കിലും ടേക് ഓഫ് ചെയ്യാൻ പാകത്തിന് മിസൈലുകൾ ഉൾപ്പടെ സജ്ജമാക്കിയ പോർ വിമാനങ്ങൾ എയർ ബേസിന് സമീപത്തെ ഈ പ്ലാറ്റ്ഫോമുകളിൽ സജ്ജമാക്കി നിർത്തിയിരിക്കുകയാണ്. അതിർത്തിയിൽ വ്യോമസേനാ വിമാനങ്ങൾ നിരന്തരം പട്രോളിങും നടത്തുന്നുണ്ട്. അതിവേഗ ആക്രമണത്തിന് ഇന്ത്യൻ വ്യോമസേന റഫാൽ പോർ വിമാനങ്ങൾ സജ്ജമാക്കിയെന്ന റിപ്പോർട്ടുകളും പുറത്തു വന്നു. റഫാൽ പോർ വിമാനങ്ങളിൽ നിന്ന് സ്‌കാൽപ്പ്, മീറ്റിയോർ, ഹാമ്മർ മിസൈലുകൾ ലക്ഷ്യ സ്ഥാനത്തേക്ക് തൊടുക്കാൻ കഴിയും. 450 കിലോ പോർമുന വഹിച്ച് 300 കിലോ മീറ്റർ ദൂരത്തിൽ ആക്രമണം നടത്താൻ ശേഷിയുള്ളതാണ് റഫാലിൽ നിന്ന് തൊടുക്കാൻ കഴിയുന്ന എയർ-ടു-ഗ്രൗണ്ട് സ്‌കാൽപ്പ് മിസൈലുകൾ. 120 മുതൽ 150 കിലോമീറ്റർ ദൂരത്തിൽ പ്രഹരിക്കാൻ ശേഷിയുള്ളതാണ് എയർ-ടു-എയർ മീറ്റിയോർ മിസൈലുകൾ.
നാവിക സേനയും തിരിച്ചടിക്ക് സജ്ജമായി അറേബ്യൻ കടലിൽ യുദ്ധ കപ്പലുകൾ വ്യന്യസിച്ചിട്ടുണ്ട്. സമുദ്ര പട്രോളിങ് വിമാനങ്ങളും കപ്പൽ സഹായക വിമാനങ്ങളുമുള്ള വെസ്റ്റേൺ ഫ്ളീറ്റിൻ്റെ എല്ലാ പ്രവർത്തനക്ഷമമായ മുൻനിര യുദ്ധക്കപ്പലുകളും കടലിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. തിരിച്ചടിക്ക് സേനകൾ പൂർണ സജ്ജമായ പശ്ചാത്തലത്തിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നിർണായക കൂടിക്കാഴ്‌ച നടത്തി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും വിവിധ സേനാ വിഭാഗങ്ങളുടെ തലവന്മാരുമായും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയിരുന്നു.