Sunday, April 5, 2026
Home » നാടക രചനയുടെ ആചാര്യൻ സി. എല്‍. ജോസിൻ്റെ 94-ാം ജന്മദിനം
നാടക രചനയുടെ ആചാര്യൻ സി. എല്‍. ജോസിന് 94-ാം ജന്മദിനം

നാടക രചനയുടെ ആചാര്യൻ സി. എല്‍. ജോസിൻ്റെ 94-ാം ജന്മദിനം

ആർ. ഗോപാലകൃഷ്ണൻ

by Editor
Send your news and Advertisements

ജനപ്രീയ നാടകങ്ങളുടെ രചയിതാവ് സി. എല്‍. ജോസിൻ്റെ 94-ാം ജന്മദിനമാണ് ഏപ്രിൽ 4. നാടക ജീവിതത്തില്‍ അദ്ദേഹമിപ്പോള്‍ ആറര പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു…

ഇദ്ദേഹത്തിൻ്റെ ‘മണൽക്കാട്’എന്ന നാടകം ഞങ്ങളുടെ കാലത്ത് പ്രീ ഡിഗ്രിക്ക് പഠിക്കാനുണ്ടയിരുന്നു… ‘കോളേജ് കുരുവികൾ’ എന്ന ഏകാങ്കനാടകം സ്കൂളിൽ അവതരിപ്പിച്ചത് ഓർക്കുന്നു… എൻ്റെയൊക്കെ സ്കൂൾ കാലത്ത് ആനിവേഴ്സറിക്കോ അല്ലങ്കിൽ യൂത്തുഫെസ്റ്റിവെൽ മത്സത്തിനോ അദ്ദേഹത്തിൻ്റെ ഏതെങ്കിലൊരു നാടകമുണ്ടാവും…. സി എൽ ജോസിൻ്റെ ‘കോളജ് കുരുവികൾ‘ എത്ര തവണ മത്സരവിജയങ്ങൾ നേടി!

നാടകം’ ഒരു ‘സമരായുധമായി‘ പ്രയോഗിക്കുന്ന നാടകകൃത്തല്ല സി. എൽ. ജോസ്; വ്യക്തി ജീവിതത്തിലും സർഗ്ഗജീവിതത്തിലും സൗമ്യ മുഖമാണ് അദ്ദേഹത്തിൻ്റേത്. അതുകൊണ്ട് കടുത്ത അച്ചടക്കം പാലിക്കുന്ന കോൺവെൻ്റ് വിദ്യാലയങ്ങളിലും ദേവാലയങ്ങളിലും ജോസേട്ടൻ്റെ നാടകങ്ങൾ സ്വാഗതം ചെയ്യപ്പെട്ടിരുന്നു.

അമേച്ചർ നാടകവേദിയിൽ ജനപ്രീയങ്ങളായി ഏറ്റവും കൂടുതലായി അരങ്ങേറി കണ്ടിരുന്ന നാടകങ്ങളാണ് സി. എൽ. ജോസിന്റേത്…. 1970-80 കാലഘട്ടത്തിൽ ഗ്രാമീണ വായനശാലകൾക്കും ആട്ട്സ് ക്ലബ്ബുകാർക്കും പ്രീയങ്കരമായിരുന്നു സി.എൽ.ജോസിന്റെ നാടകങ്ങൾ; ഇദ്ദേഹത്തിന്റെ ഏകാങ്കങ്ങൾ സ്കൂൾ – കേളേജ് വേദികളിലും ധാരാളമായി അവതരിപ്പിക്കപ്പെട്ടുവെന്ന അനുഭവം ആദ്യം സൂചിപ്പിച്ചുവല്ലോ….

തൃശ്ശൂരിൽ പുതുകാട് 1932 ഏപ്രിൽ 4-നു ജനിച്ചു. ചക്കാലക്കൽ ലോനപ്പനും മഞ്ഞളി മറിയക്കുട്ടിയും അവരുടെ ഒമ്പത് മക്കളിൽ മൂത്ത മകനായിരുന്നു. മുഴുവൻ പേര്, ചക്കാലക്കൽ ലോനപ്പൻ ജോസ്.

തൃശൂർ ‘ക്ഷേമവിലാസം കുറിക്കമ്പനി‘യിൽ ജീവനക്കാരനായിരുന്നു; ജോസിൻ്റെ മുപ്പതാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ കുടുംബത്തിൻ്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നു. നാലു സഹോദരിമാരെ കെട്ടിച്ചയക്കേണ്ട ബാധ്യതയും ജോസിന്‍റേതായി. പുസ്തക രൂപത്തിലിറങ്ങിയ നാടകത്തിൽ നിന്നുള്ള റോയൽറ്റി വരുമാനം ആദ്യ കാലങ്ങളിൽ പരിമിതമായിരുന്നു; കുറിക്കമ്പനിയിലെ ജോലിയാണ് ഇവിടെ ആശ്വാസമായത്. ക്രമേണ ജോസ് ഈ കുറിക്കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായി 1992-ൽ ജോസ് വിരമിച്ചു. അപ്പോഴെക്കും പുസ്തകങ്ങളിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ വരുമാനവും ഗണ്യമായി വർദ്ധിച്ചു.

ഇപ്പോൾ നാടകങ്ങളുടെ പുസ്തകങ്ങളുടെ വില്ലന തീരെ ഇല്ലാതായി വരികയാണ്; അതുകൊണ്ടാവാം നാടക പുസ്തങ്ങളുടെ പ്രസാധനവും നിലച്ച മട്ടാണ്.

1955-ലാണ് സി.എല്‍. ജോസ് ആദ്യ നാടകമെഴുതുന്നത്. തൃശൂരിലെ സി.എ.എല്‍ ആർട്സിന്റെ വാര്‍ഷികത്തിന് അവതരിപ്പിക്കാന്‍ ജോസിനും കൂട്ടുകാര്‍ക്കും ഒരു നാടകം വേണമായിരുന്നു. ധാരാളം കൃതികള്‍ പരിശോധിച്ചെങ്കിലും ഒന്നും ഇഷ്ടമായില്ല. അങ്ങനെയാണ് ‘മാനം തെളിഞ്ഞു’ എന്ന ആദ്യ നാടകം ജോസ് എഴുതുന്നത്. ആദ്യനാടകം തന്നെ വിജയമായി. അച്ചടിച്ച് പ്രസിദ്ധീകരിക്കണമെന്ന് സുഹൃത്തുക്കള്‍ ജോസിനെ നിര്‍ബന്ധിച്ചു. വീട്ടിലാണെങ്കില്‍ ദാരിദ്ര്യം. അച്ചടിക്കാന്‍ 24-കാരനായ ജോസിന്റെ കൈയില്‍ പണമില്ല. ഒടുവില്‍ കടമായി അച്ചടിക്കാന്‍ തയാറുള്ള ഒരു പ്രസ്സുടമയെ തരപ്പെടുത്തി. 500 കോപ്പി അച്ചടിച്ചു. 75 പൈസയായിരുന്നു ഒരു കോപ്പിയുടെ വില. അന്ന് തൃശൂര്‍ ആസ്ഥാനമായുള്ള ‘ക്ഷേമവിലാസം കുറിക്കമ്പനി’യിലെ ജീവനക്കാരൻ ആയിരുന്നുവല്ലോ ജോസ്. ഓഫിസിലേക്കുള്ള യാത്രയില്‍ പുസ്തകത്തിന്റെ അഞ്ചോ പത്തോ കോപ്പി കൈയില്‍ വെക്കും. യാത്രക്കിടയില്‍ കാണുന്ന സുഹൃത്തുക്കള്‍ക്കും സഹൃദയര്‍ക്കും പുസ്തകം വില്‍ക്കും.

രണ്ടാമതെഴുതിയ ‘ജീവിതം ഒരു കൊടുങ്കാറ്റാണ്’ എന്ന നാടകമാണ് സി.എല്‍. ജോസെന്ന നാടകകൃത്തിന് സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയത്. കേരളത്തിലെ ധാരാളം വേദികളില്‍ ഈ നാടകം അവതരിപ്പിക്കപ്പെട്ടു. ഫാക്ടറി ജീവനക്കാരന്റെ കഥയായതിനാല്‍ തൊഴിലാളികള്‍ക്കിടയില്‍ ഏറെ ചലനമുണ്ടാക്കി. നാടകകൃത്തുക്കളുടെ ഇടയിൽ ജോസിന് ഒരു മേൽവിലാസം നേടിക്കൊടുത്ത രചനയാണിത്. ഇത് പുസ്തകമായി പുറത്തു വന്നതോടെ ധാരാളം പേര്‍ ആ നാടകം വീണ്ടും വായിച്ച് ആസ്വദിക്കുകയും ചെയ്തു.

ജീവസ്പര്‍ശങ്ങളായ വിഷയങ്ങള്‍ ജോസിന്റെ നാടകങ്ങളുടെ കരുത്തായിരുന്നു. സി.എല്‍. ജോസ് എന്നാല്‍, നാടകത്തിന്റെ പര്യായമായ ഒരുകാലമുണ്ടായിരുന്നു കേരളത്തില്‍. റേഡിയോ നാടകവാരങ്ങള്‍ ജോസിന്റെ നാടകമില്ലാതെ കഴിഞ്ഞു പോയിരുന്നില്ല. മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം സി.എല്‍. ജോസിന്റെ നാടകവുമുണ്ടായിരുന്നു. അക്കാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നാടകങ്ങളും ജോസിന്‍റേതായിരുന്നു.

കാൽ നൂറ്റാണ്ടുമുമ്പ് സി.എല്‍. ജോസ് എഴുതിയ ‘കാണാപ്പുറങ്ങള്‍ ‘ നാടകകൃതിയുടെ അവതാരികയില്‍ തിക്കുറുശ്ശി സുകുമാരന്‍ നായര്‍ എഴുതി “ജോസിന്റെ ഏതെങ്കിലും നാടകത്തിലെ ഒരു ഡയലോഗെങ്കിലും പറയാത്ത ഒരു നടനോ നടിയോ കേരളത്തില്‍ ഉണ്ടായിട്ടില്ല.”

നാല്‍പതിലേറെ സമ്പൂര്‍ണ നാടകവും ഏതാനും കുട്ടികള്‍ക്കുള്ള നാടകവും ജോസിന്‍റേതായി മലയാളത്തിന് ലഭിച്ചു. ‘കോളേജ് കുരുവിൾ’ പോലുള്ള ധാരാളം ഏകാങ്കങ്ങളും അദ്ദേഹമെഴുതി എഴുതി. ഇതിനു പറമെ, ‘ഓര്‍മകള്‍ക്ക് ഉറക്കമില്ല‘ എന്ന ആത്മകഥയും ജോസേട്ടൻ എഴുതി.

മൂന്ന് നാടകങ്ങള്‍ സിനിമയായി. ‘ഭൂമിയിലെ മാലാഖ’ പി.എ. തോമസ് സംവിധാനത്തിലും ‘ശാപരശ്മി‘ എന്ന നാടകം ‘അഗ്നി നക്ഷത്രം’ എന്ന പേരിൽ എ. വിൻസെന്റ് സംവിധാനം ചെയ്ത സിനിമയായും വെള്ളിത്തിരയിൽ എത്തി. ‘മണല്‍ക്കാടെ’ന്ന നാടകം ‘അറിയാത്ത വീഥികള്‍’ എന്ന പേരില്‍ കെ.എസ്. സേതുമാധവനും സംവിധാനം ചെയ്തു.

‘ജ്വലന’ത്തിന് 1978-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. നാടകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കേരള സംഗീത നാടക അക്കാദമി അവാര്‍ഡും (2008) പിന്നീട്, 2012-ൽ ഫെലോഷിപ്പും (2012) നല്‍കി ആദരിച്ചു. കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് 2023-ൽ, 91-ാം വയസ്സിൽ ലഭിച്ചു.

കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായും സി.എൽ. ജോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

സി എൽ ജോസിന്റെ ഭാര്യ ലിസ്സി; ഈ ദമ്പതികൾക്ക് ഒരു മകളും രണ്ട് ആൺമക്കളും ഉണ്ട്.

പുരസ്കാങ്ങളും ആദരങ്ങളും തന്നെത്തേടി വന്നെത്തുമ്പോഴും വിനയാന്വിതനായി, തികഞ്ഞ കുടുംബസ്ഥനായി, തൃശ്ശൂരിലെ കിഴക്കേക്കോട്ടയിൽ കിഴക്കുമ്പാട്ടുകരയിലെ വീട്ടിൽ വാചാലനായി ജോസേട്ടൻ ജന്മദിനമാഘോഷിക്കുന്നു: ഹൃദയം നിറഞ്ഞ ആശംസകൾ!

ആർ. ഗോപാലകൃഷ്ണൻ

You may also like

error: Content is protected !!