ചേർത്തല: മലപ്പുറത്തെക്കുറിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദപ്രസംഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളി എസ്എന്‍ഡിപി നേതൃത്വത്തിലെത്തിയതിന്റെ മുപ്പതാം വാര്‍ഷികാഘോഷ വേദിയിലാണ് പ്രതികരണം. പരാമര്‍ശം മലപ്പുറത്തിന് എതിരായിരുന്നില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചത് മുസ്ലീംലീഗിനെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റിദ്ധാരണകള്‍ പരത്താനുള്ള അവസരം വെള്ളാപ്പള്ളിയുടെ പ്രസംഗത്തിന്റെ ഭാഗമായി ഉണ്ടായി എന്ന് പറഞ്ഞ മുഖ്യമന്ത്രി ശ്രദ്ധ വേണമെന്നും വെള്ളാപ്പള്ളിയോട് പറഞ്ഞു.
നിലവിലുള്ള യാഥാര്‍ഥ്യംവച്ച് ഒരു കാര്യം പറഞ്ഞതാണ്. പറഞ്ഞത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരായിരുന്നു. ആ രാഷ്ട്രീയ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ താത്പര്യമുള്ളവരെല്ലാം കൂടി അതിനെതിരേ രംഗത്തുവന്നെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. വെള്ളാപ്പള്ളിക്ക് കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിക്കാൻ അറിയാം. സരസ്വതി വിലാസം അദ്ദേഹത്തിന് നാവിനുണ്ട്. എല്ലാ ഘട്ടത്തിലും വെള്ളാപ്പള്ളി മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു മതത്തിനെതിരായി വെള്ളാപ്പള്ളി നിലപാട് സ്വീകരിച്ചിട്ടുള്ള ചരിത്രമില്ല. പ്രസംഗത്തിന്റെ ഭാഗമായി ചില കാര്യങ്ങൾ പുറത്തുവന്നു. അതാണ് നമ്മുടെ നാട് എന്ന് മനസ്സിലാക്കണം. വെള്ളാപ്പള്ളിയെ അറിയാവുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം ഏതെങ്കിലും മതത്തിന് എതിരായി നിലപാട് സ്വീകരിച്ച ചരിത്രമുള്ള ആളല്ലെന്ന്. എല്ലാ ഘട്ടത്തിലും വിവിധ മതങ്ങളുമായി യോജിച്ചുകൊണ്ടുള്ള ഒട്ടേറെ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വ്യക്തിപരമായി തന്നെ നേതൃത്വം വഹിച്ച ആളാണ് വെള്ളാപ്പള്ളി. ഗുരു സന്ദേശങ്ങളെ പ്രായോഗിക പ്രവർത്തനങ്ങളുമായി സമുന്വയിപ്പിക്കാൻ വെള്ളാപ്പള്ളിക്ക് സാധിച്ചു. ഇനിയും അത്തരത്തിലുള്ള നേതൃത്വം ഉണ്ടാകണം. ആ നേതൃത്വത്തിലാണ് യോഗവും ട്രസ്റ്റും വളർന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നിനൊന്നു മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ നിർവഹിക്കാൻ വെള്ളാപ്പള്ളിക്ക് സാധിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു.
എസ്എൻഡിപി യോഗത്തോടും പിന്നാക്ക സമുദായങ്ങളോടും എപ്പോഴും കരുണാപൂർവമായ സമീപനം സ്വീകരിക്കുന്ന നേതാവും ഭരണാധികാരിയുമാണ് പിണറായി വിജയനെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പിണറായി വിജയന്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തുമെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ ഇതാണ് വ്യക്തമാകുന്നതെന്നും ഭരണത്തുടര്‍ച്ച് ഉണ്ടാകാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ആശംസിച്ചു.



