ബൊഗോട്ട: കൊളംബിയയിൽ സൈനിക വിമാനം തകർന്ന് വൻ ദുരന്തം. അപകടത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി. 114 സൈനികരും 11 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 77-ഓളം പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കൊളംബിയൻ വ്യോമസേനയുടെ ലോക്ക്‌ഹീഡ് മാർട്ടിൻ സി-130 ഹെർക്കുലീസ് (C-130 Hercules) എന്ന ട്രാൻസ്പോർട്ട് വിമാനമാണ് തകർന്നത്.
പുട്ടുമായോ പ്രവിശ്യയിലെ പുരേട്ടോ ലെഗൂയ്‌സാമോയിലാണ് സൈനിക വിമാനം തകർന്നു വീണത്. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. പുരേട്ടോ ലെഗൂയ്‌സാമോയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോഴാണ് വിമാനം തകർന്നത്. അപകടത്തിന് പിന്നാലെ വിമാനത്തിൽ കരുതിയിരുന്ന സ്ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചത്.
കൊളംബിയൻ വ്യോമ സേനയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണിതെന്ന് വ്യോമ സേനാ കമാൻഡർ കാർലോസ് ഫെർണാണ്ടോ സിൽവ റൂഡെ പറഞ്ഞു. ട്രെക്കുകളിൽ സൈനികരെ അപകട സ്ഥലത്ത് നിന്ന് പുറത്ത് കൊണ്ടുപോവുന്നതും അപകടം നടന്ന സ്ഥലത്ത് നിന്ന് വലിയ രീതിയിൽ പുക ഉയരുന്നതുമായ വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

