സാമ്പത്തിക തട്ടിപ്പുകേസിൽ കേരള പോലീസ് അന്വേഷിച്ചിരുന്ന തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശി ഷിഹാബ് ഷാ യു.എ.ഇയിലെ അൽ ഐൻ സെൻട്രൽ ജയിലിൽ. 400 കോടിയോളം രൂപയുടെ തട്ടിപ്പിൽ പ്രതിയായ ഇയാൾ അർമാനി ക്ലിനിക്, അർമാനി പോളി ക്ലിനിക് എന്നിവയുടെ മറവിൽ പ്രവാസികളെയും നിക്ഷേപകരെയും വഞ്ചിച്ചെന്നാണ് കണ്ടെത്തൽ.
ഫെബ്രുവരി 17-ന് ഷാർജയിൽ അറസ്റ്റിലായ ഇയാളെ പിന്നീട് അബുദാബിയിലേക്ക് കൈമാറി. വയനാട്ടിലെ കെൻസ ഹോൾഡിങ്, കെൻസ വെൽനസ് എന്നിവയുടെ ഉടമസ്ഥനായ ഷിഹാബ് ഷാ, നിർമ്മാണ, ടൂറിസം, ആരോഗ്യ മേഖലകളിൽ വമ്പൻ പദ്ധതികൾ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് പണം ശേഖരിച്ചു. 2015-ലും 2019-ലും ബാണാസുര സാഗർ ഡാമിന് സമീപം പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കാതെ ഉപേക്ഷിച്ചു.
ഈ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയിന്മേൽ കേരള പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് ശേഷം ഷിഹാബ് ഷാ കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല.
പ്രവാസി മലയാളികൾ അടക്കം നൂറുകണക്കിന് നിക്ഷേപകർ പണമിടപാടിൽ വഞ്ചിതരായ ഈ കേസിൽ, കേരള പോലീസ് കൂടുതൽ നടപടി സ്വീകരിക്കുമെന്നാണ് വിലയിരുത്തൽ.