ന്യൂ ഡൽഹി: 2025 -ല്‍ ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്). 2025 ലെ ഇന്ത്യയുടെ ജിഡിപി 4.187 ട്രില്യണ്‍ ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ജപ്പാന്റെ ജിഡിപിയായ 4.186 ട്രില്യണ്‍ ഡോളറിനേക്കാള്‍ കൂടുതലാണ്. നിലവില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ.
2028 ആകുമ്പോഴേക്കും ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ഐഎംഎഫ് പ്രവചിക്കുന്നുണ്ട്. അപ്പോഴേക്കും ഇന്ത്യയുടെ ജിഡിപി അഞ്ച് ട്രില്യണ്‍ ഡോളര്‍ മറികടക്കും. യുഎസ് ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാകും ഇന്ത്യക്ക് മുന്നില്‍.
2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.2 ശതമാനമായി റിപ്പോർട്ടിൽ പുനർനിശ്ചയിച്ചിട്ടുമുണ്ട്. നേരത്തെ ഇത് 6.5 ശതമാനമായിരുന്നു. ആഗോള തലത്തിൽ നിലനിൽക്കുന്ന വ്യാപാര അനിശ്ചിതത്വമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയുണ്ടാക്കുക എന്നാണ് ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നത്.