ബെംഗളൂരു: നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ യുവതിക്ക് ദാരുണാന്ത്യം. നന്ദിനി എന്ന 20-കാരിയാണ് മരിച്ചത്. ബുധനാഴ്ച രാത്രി ബെംഗളൂരു പരപ്പന അഗ്രഹാര സ്റ്റേഷൻ പരിധിയിലുള്ള കെട്ടിടത്തിൽ റീൽസ് ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം പാർട്ടി ആഘോഷത്തിനായാണ് രായസാന്ദ്രയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് നന്ദിനിയും സുഹൃത്തുക്കളും എത്തിയത്. പൊലീസ് റിപ്പോർട്ട പ്രകാരം യുവതി-യുവാക്കളുടെ ഒരു സംഘം നിർമാണം നടക്കുന്ന കെട്ടിടത്തിൽ പാർട്ടി നടത്താൻ എത്തിയതായിരുന്നു. റീൽസ് ചിത്രീകരിക്കുന്നതിനിടെ കാൽവഴുതി ലിഫ്റ്റിന്റെ സ്പെയ്സിലേക്ക് വീഴുകയായിരുന്നു.
ബിഹാർ സ്വദേശിനിയും സിറ്റിയിലെ ഷോപ്പിംഗ് മാർട്ടിലെ ജീവനക്കാരിയുമായിരുന്നു നന്ദിനി. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രണയബന്ധത്തെ ചൊല്ലിയുള്ള തർക്കമാണോ യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിക്കുമെന്ന് ഡിസിപി ഫാത്തിമ പറഞ്ഞു. നന്ദിനിക്കൊപ്പം ഒരു വനിതാ സുഹൃത്തും രണ്ട് ആൺസുഹൃത്തുക്കളും ഉണ്ടായിരുന്നു. യുവതി അബദ്ധത്തിൽ വീണു എന്നാണ് നിഗമനമെങ്കിലും അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.