Mantis Partners Sydney
Sunday, March 1, 2026
Mantis Partners Sydney
Home » വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഇരുപതുകാരനെ അറസ്റ്റ് ചെയ്‌തു.
വെസ്റ്റ് ഓസ്ട്രേലിയയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഇരുപതുകാരനെ അറസ്റ്റ് ചെയ്‌തു.

വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഇരുപതുകാരനെ അറസ്റ്റ് ചെയ്‌തു.

by Editor
Send your news and Advertisements

പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ജെയ്‌സൺ ജോസഫ് മൈക്കിൾസ് (20) എന്ന യുവാവിനെ ഓസ്‌ട്രേലിയൻ അധികൃതർ അറസ്റ്റ് ചെയ്‌തു. ബിന്ദൂണിലെ (Bindoon) ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ആക്രമണ പദ്ധതികൾ വിവരിക്കുന്ന നോട്ട്ബുക്ക്, തോക്കുകൾ, വെടിക്കോപ്പുകൾ, ബാലിസ്റ്റിക് വെസ്റ്റുകൾ എന്നിവ പിടിച്ചെടുത്തു. ഇയാൾ ഒറ്റയ്ക്ക് നടത്തിയ ഗൂഢാലോചനയാണ് പൊലീസ് തകർത്തത്.

വീറ്റ്ബെൽറ്റ് മേഖലയിലെ ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. നിരവധി തോക്കുകൾ, ബാലിസ്റ്റിക് വെസ്റ്റുകൾ, ഗ്യാസ് മാസ്‌കുകൾ, മറ്റു ഉപകരണങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തു. പൊലീസ് ആസ്ഥാനം, പാർലമെൻ്റ് ഹൗസ്, മുസ്ലീം ആരാധനാലയങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങൾ ആക്രമിക്കാനുള്ള വിശദമായ പദ്ധതി വിവരിക്കുന്ന ഒരു നോട്ട്ബുക്ക് വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

തോക്കുകൾക്ക് പുറമെ സ്ഫോടക വസ്‌തുക്കൾ ശേഖരിക്കാനും ഇയാൾ ശ്രമിച്ചിരുന്നതായി പൊലീസ് ആരോപിക്കുന്നു. കഴിഞ്ഞ മാസം ഒരു എൻക്രിപ്റ്റഡ് മെസേജിങ് ഗ്രൂപ്പ് ചാറ്റിലെ ഇയാളുടെ ഇടപെടലുകളാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ്, സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ എന്നിവർ സംയുക്തമായാണ് അന്വേഷണം നടത്തിയത്. പ്രതിക്ക് ജാമ്യം നിഷേധിച്ച കോടതി റിമാൻഡ് ചെയ്തു.

സംഭവം അത്യന്തം ഞെട്ടിക്കുന്നതാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് പ്രതികരിച്ചു. ജനാധിപത്യത്തിൻ്റെയും മതസ്വാതന്ത്ര്യത്തിന്റെയും ഹൃദയത്തെ തകർക്കാനുള്ള നീക്കമാണ് ഇതെന്ന് പ്രീമിയർ റോജർ കുക്ക് പറഞ്ഞു. സമീപ കാലത്തുണ്ടായ ബോണ്ടി ബീച്ച് കൂട്ടക്കൊല ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹത്തിൽ ഭീഷണികൾ നിലനിൽക്കുന്നുണ്ടെന്നും വിദ്വേഷത്തെയും വിഭജനത്തെയും ജയിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

You may also like

error: Content is protected !!