ടെഹ്റാൻ: മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തിയതിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചു പൂട്ടാനൊരുങ്ങി ഇറാൻ. ഇതിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയതായി സ്റ്റേറ്റ് മീഡിയ ടിവി റിപ്പോർട്ട് ചെയ്തു. ആഗോള എണ്ണ, വാതക വിതരണത്തിൻ്റെ ഇരുപത് ശതമാനത്തിലധികം ഹോർമുസ് കടലിടുക്കിലൂടെയാണ് പോകുന്നത്. പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായും ഇന്ത്യൻ മഹാ സമുദ്രവുമായും ബന്ധിപ്പിക്കുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്.
ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് മൂന്ന് കിലോമീറ്റർ വീതിയുള്ള ചാനൽ ഇറാനെ അറേബ്യൻ ഉപദ്വീപിൽ നിന്ന് വേർതിരിക്കുന്നു. സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തർ, ഇറാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നു പോകുന്നത്.
ഇറാന്റെ തീരുമാനം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കും. എണ്ണ കയറ്റുമതി ചെയ്യുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളുടെ സമ്പദ് ഘടനയെയും പ്രതികൂലമായി ബാധിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹോർമുസ് കടലിടുക്ക് പ്രധാനമാണ്. മൊത്തം ഇറക്കുമതിയായ പ്രതിദിനം 5.5 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണയിൽ രണ്ട് ദശലക്ഷം ബാരൽ ഈ ജലപാതയിലൂടെയാണ് എത്തുന്നത്. ഇറാൻ നടപടി ലോകത്താകമാനം എണ്ണ വില കുത്തനെ ഉയരാൻ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്‌ധർ പറയുന്നു.